രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Update: 2020-03-15 04:23 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി. പൂനയില്‍ മാത്രം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം പത്തൊമ്പതില്‍ നിന്ന് 31 ആയി വര്‍ധിച്ചു. ആളുകളിലേക്ക് വളരെ പെട്ടെന്ന് വൈറസ് ബാധിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19നെ കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഉത്തരവ് തിരുത്തിയിരുന്നു.

കൊവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ധനസഹായം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാക്കി ചുരുക്കിയുള്ള പരിഷ്‌കരണമാണ് നടത്തിയിട്ടുള്ളത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവരെ ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്ന് നല്‍കാനാവുമെന്ന് ആദ്യം പുറത്തിറക്കിയ കേന്ദ്ര ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

തൊട്ടുപിന്നാലെ ഇറക്കിയ പരിഷ്‌കരിച്ച ഉത്തരവില്‍ ഈ നിര്‍ദ്ദേശം ഒഴിവാക്കിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം ധനസഹായം നല്‍കില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. ധനസഹായം മരുന്ന്, കരുതല്‍, കേന്ദ്രങ്ങള്‍, ലാബുകള്‍ എന്നിവ ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാക്കി മാറ്റിയിട്ടുണ്ട്. ദുരന്തര നിവാരണ നിധിയിലെ പരമാവധി 25 ശതമാനം വരെ തുക ഇതിനായി ചെലവഴിക്കാം.

അതേസമയം സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.  

Tags:    

Similar News