മഹത്തായ ഭാരതീയ അടുക്കള: രാഷ്ട്രീയ കൃത്യത ഒരു സിനിമയെ അടയാളപ്പെടുത്തിയ വിധം

കുടുംബമെന്ന ഏറ്റവും ചെറിയ സാമൂഹ്യസ്ഥാപനത്തിലെ പുരുഷകോയ്മാ രാഷ്ട്രീയനിര്‍ണയങ്ങളും അധികാരവ്യവസ്ഥയും ചിത്രപ്പെടുത്തുന്ന സിനിമ, അടുക്കളയുടെ, കിടപ്പറയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ നേര്‍ച്ചിത്രമാവുകയാണ്.

Update: 2021-01-25 12:03 GMT

-എന്‍ എം സിദ്ദീഖ്

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ സ്ത്രീകളും പെണ്‍കുട്ടികളും കാണേണ്ട സിനിമയല്ല, ഇത് ആണുങ്ങളും ആണ്‍കുട്ടികളും അവശ്യം കണ്ടനുഭവിക്കേണ്ട സിനിമയാണ്. കുറ്റബോധമില്ലാതെ, കുടുംബത്തിലും സമൂഹത്തിലും ആണധികാരത്തിന്റെ പദവി അനുഭവിക്കുന്ന ആര്‍ക്കും ഈ സിനിമ കാണാനാവില്ല, കാരണം, സിനിമ കാണുന്നവര്‍ സിനിമ മാത്രമല്ലല്ലോ കാണുന്നത്, അതിലെ ജീവിതവുമല്ലേ? പേരില്ലാ കഥാപാത്രങ്ങളും(ആകെ ഒരാള്‍ക്കാണെന്നു തോന്നുന്നു പേരുള്ളത്, വേലക്കാരി ഉഷ, ശക്തമായ കഥാപാത്രം) പശ്ചാത്തല സംഗീതത്തിന്റെ അഭാവവും സിനിമയെ വല്ലാതെ അനുഭവിപ്പിക്കുകയാണ്.


കുടുംബമെന്ന ഏറ്റവും ചെറിയ സാമൂഹ്യസ്ഥാപനത്തിലെ പുരുഷകോയ്മാ രാഷ്ട്രീയനിര്‍ണയങ്ങളും അധികാരവ്യവസ്ഥയും ചിത്രപ്പെടുത്തുന്ന സിനിമ, അടുക്കളയുടെ, കിടപ്പറയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ നേര്‍ച്ചിത്രമാവുകയാണ്. പെണ്ണുകാണലില്‍ത്തുടങ്ങുന്ന സിനിമ, വിവാഹാനന്തരം നായകന്റെ വീടകത്ത്, അടുക്കളയില്‍, കിടപ്പറയില്‍, ഭക്ഷണമേശയില്‍ നായികയെ ലക്ഷണയുക്തയായ, സദ്ഗുണശീലയായ മാതൃകാ കുടുംബിനിയായി പരുവപ്പെടുത്തുന്നതിന്റെ രസതന്ത്രമാണ് സിനിമയുടെ പ്രമേയം.

ദിവസങ്ങള്‍ക്കകം മകളുടെ പ്രസവശുശ്രൂഷക്കായി അമ്മ പിന്‍വാങ്ങുന്നതോടെ ഭര്‍ത്താവിന്റെയും അച്ഛന്റെയും സകല ദിനചര്യകളുടെയും ചെടിപ്പിക്കുന്ന ക്രമങ്ങളിലേക്ക് നവവധു കൂപ്പുകുത്തുകയാണ്. വിറകടുപ്പില്‍ വേവിച്ച ചോറും അമ്മിയിലരച്ച ചമ്മന്തിയും കല്ലിലടിച്ചലക്കിയ വസ്ത്രവും ശീലമാക്കിയ അച്ഛന്‍. പേസ്റ്റും ബ്രഷും ചെരിപ്പും വരെ എടുത്ത് നല്‍കേണ്ട വിധം അന്യാശ്രിതത്വമയാള്‍ക്കുണ്ട്. എം.എ പാസായ ഭാര്യയെ ജോലിക്കയക്കാതിരിക്കാനുള്ള കുലീനതയും പാരമ്പര്യവുമയാള്‍ക്കുണ്ട്. മരുമകളെയും ജോലിക്കയക്കേണ്ടതില്ല എന്ന് കരുതാനുള്ള ആഢ്യത്തവുമുണ്ട്. മരുമകളുടെ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ വെച്ചുപൂട്ടുന്ന അധികാരമയാള്‍ പ്രകടമാക്കുന്നുണ്ട്.


പുലര്‍ച്ചെ യോഗാസനത്തിലാരംഭിച്ച് രാത്രി ഇരുളിലെ യാന്ത്രികമായ രതിയിലവസാനിക്കുന്ന നായകജീവിതം ചെറിയ ചോദ്യങ്ങളില്‍പ്പോലും അസ്വസ്ഥമാകും. ചിത്രീകൃതമായ അവളുടെ രതി ദൃശ്യങ്ങളിലെ ക്ലോസപ്പ് ഭാവമത്രയും വേദനിപ്പിക്കുന്ന, ചെടിപ്പിക്കുന്ന, ഭക്ഷ്യാവശിഷ്ടങ്ങളുടെ അറപ്പും മടുപ്പുമാര്‍ന്ന മൊണ്ടാഷിലാണ്. അയാള്‍ വീട്ടിലെ ഭക്ഷണമേശയില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ എമ്പാടും ചവച്ചുതുപ്പി വെക്കുകയും ഹോട്ടലില്‍ എല്ലുകടിച്ച് അവശിഷ്ടം വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിക്കുകയുമാണ്. ഹോട്ടലില്‍ ടേബിള്‍ മാനേഴ്‌സ് അറിയാമല്ലേ എന്ന നായികയുടെ ചോദ്യമയാളെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. എന്റെ വീട്, എനിക്കിഷ്ടമുള്ളത് ചെയ്യുമെന്ന ആണ്‍ധാര്‍ഷ്ട്യത്തിലയാള്‍ ഭാര്യയെ ക്ഷമ പറയിക്കുന്നുണ്ട്. കിടപ്പറയില്‍ രതിസന്നദ്ധനാവുന്ന അയാളോട് സംഗതി വേദനാകരമല്ലാതെ ഫോര്‍പ്ലേയൊക്കെ ആയി ആസ്വാദ്യമാക്കിക്കൂടെയെന്ന ക്ഷമാപണ സ്വരത്തിലുള്ള ചോദ്യത്തില്‍, എല്ലാം അറിയാമല്ലേ എന്ന് അപഹസിക്കാനാണ് അയാള്‍ മുതിരുന്നത്. ലൈംഗികത തുറന്നു പറയുന്ന പെണ്ണ് തെറിച്ചവളാണെന്ന ആണത്തപ്രഘോഷമാണ് നായകന്റെ പ്രതികരണം. ലൈംഗിക ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്ന, മുന്‍കൈയെടുക്കുന്ന പെണ്ണിനെ ആണധികാരം ഭയക്കുകയാണ്.

രജസ്വലയായ പെണ്ണുടല്‍ മലിനമാണെന്ന കാലിക രാഷ്ട്രീയ യുക്തികളിലേക്ക് സിനിമയ്ക്ക് സ്വാഭാവികമായി ഇനി വികസിക്കേണ്ടതുണ്ട്. 'പുറ'ത്തായ പെണ്ണ് അടുക്കളയില്‍ കയറരുതെന്ന പാരമ്പര്യ യുക്തിയെ, വേലക്കാരി, താന്‍ ആ ദിവസങ്ങളിലും അടുക്കളപ്പണിക്ക് പോകാറുണ്ടെന്ന് നിസ്സാരമായി അട്ടിമറിക്കുകയാണ്. ശബരിമലയില്‍ പോകാന്‍ അച്ഛനും മകനും മാലയിടുന്നതോടെ സിനിമ കാലിക രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. സ്ത്രീകളുടെ മാസമുറ പ്രശ്‌നവല്‍കൃതമാവുന്ന, സാമൂഹിക പ്രശ്‌നമാകുന്ന, സംഘര്‍ഷാത്മകമാകുന്ന, അക്രമമാകുന്ന, സനാതന ഹിന്ദുത്വ രാഷ്ട്രീയത്തെ സിനിമ നിശിതമായി വിമര്‍ശിക്കുകയാണ്. സമൂഹമാധ്യങ്ങളിലെ സ്ത്രീവാദി വിനിമയങ്ങളില്‍ ഡിബേറ്റ് ചെയ്തവളെ അക്രമിക്കുന്നതിന്റെ, ശബരിമലയിലെ സ്ത്രീപ്രവേശന ചര്‍ച്ചയുടെ, കോടതിവിധിയുടെ, ഭരണഘടനയുടെ, പ്രസിദ്ധമായ എടപ്പാളോട്ടത്തിന്റെയൊക്കെ ദൃശ്യങ്ങള്‍ക്കൊപ്പം കെട്ടുനിറക്കാന്‍ അയ്യപ്പന്മാര്‍ വീട്ടിലെത്തുന്നതിലേക്ക്, അനിവാര്യമായ പൊട്ടിത്തെറിയിലേക്ക് സിനിമയിലെ ദൃശ്യഭാഷ സംക്രമിക്കുകയാണ്.

ഒരിക്കലും ശരിയാകാത്ത അടുക്കള സിങ്കിലെ മലിനജലം കൊണ്ട് അച്ഛന്റെയും മകന്റെയും പവിത്രപൗരുഷത്തെ നായിക നേരിടുന്നു. അവിടന്നിറങ്ങി അലയടിക്കുന്ന കടലിന്റെ, സാധാരണ ജീവിതങ്ങളുടെ, യുവജന വിപ്ലവ സംഘടനയുടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ, നാമജപഘോഷണ സമരവേദിയുടെ, ശരണംവിളികളുടെ, വഴിത്താര ചവിട്ടിത്തള്ളി സ്വന്തം വീട്ടിലെത്തി തനിക്കിനിയും ഭര്‍തൃവീട്ടിലെ സ്ത്രീവിരുദ്ധതയെ സഹിക്കാനാവില്ലെന്ന് നായിക പ്രഖ്യാപിക്കുന്നു. അന്നേരം കയറിവന്ന അനിയന്‍ അമ്മയോട് വെള്ളമാവശ്യപ്പെടുന്നു. അമ്മ നായികയുടെ അനിയത്തിയോട് അവന് വെള്ളമെടുത്ത് നല്‍കാനാവശ്യപ്പെടുന്നു. അനിയത്തി പോകാന്‍ തുനിയവേ നായിക, 'ഇരിക്കടീ അവിടെ' എന്ന് പൊട്ടിത്തെറിക്കുകയാണ്. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നായിക തന്റെ നൃത്യാധ്യാപനത്തിന്റെ ആഹ്ലാദത്തിലേക്കും സ്വാശ്രിതത്വത്തിലേക്കും സ്വയം നിര്‍ണയത്തിലേക്കും കടക്കുകയാണ്. നായകന്‍ വേറൊരു പെണ്ണിന്റെ ഭര്‍ത്താവായി മാറുകയാണ്. ചടുലമായ പെണ്‍ സംഘനൃത്ത ദൃശ്യത്തില്‍ സിനിമ തീരുകയാണ്. സമൂഹമാധ്യമങ്ങളില്‍ സിനിമ വല്ലാതെ ആഘോഷിക്കപ്പെട്ടു. പക്ഷേ സ്ത്രീലൈംഗികതയാണ് ഏറെയും ചര്‍ച്ചയായത്. സിനിമയുടെ ശക്തമായ രാഷ്ട്രീയപ്രമേയം അവഗണിക്കപ്പെട്ടു. ലൈംഗികതയടക്കമുള്ള കാര്യങ്ങളിലെ പുരുഷമേല്‍കോയ്മ സ്ത്രീകളനുഭവിക്കുന്നത് ബ്രാഹ്മണിക്കലായ പിതൃദായക പൈതൃകത്തിന്മേലാണ്.

Tags:    

Similar News