ലക്ഷ ദ്വീപിന്റെ മുറിവുകളുമായി 'ഫ്‌ളഷ്'

Update: 2022-07-18 02:41 GMT

കോഴിക്കോട്: ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കഷ്ടതയനുഭവിക്കുന്ന ലക്ഷദ്വീപ് ജനതയുടെ സഹനങ്ങളെയും അതിജീവനപ്പോരാട്ടങ്ങളെയും അടയാളപ്പെടുത്തിയ 'ഫ്‌ളഷ്' എന്ന ചിത്രം അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ലക്ഷ്വദീപിന്റെ അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐഷ സുല്‍ത്താനയാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിതിക്കുന്നത്.

ദ്വീപില്‍ അധ്യാപികയായിരുന്ന സഹോദരിയുടെ മരണത്തെ തുടര്‍ന്ന് അവരുടെ സാധനങ്ങള്‍ തിരികെ കൊണ്ടുപോവാന്‍ എത്തുന്ന സഹോദരന്‍ പ്രണവിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്. സഹോദരിയുടെ മരണത്തത്തെുടര്‍ന്ന് വിഷാദരോഗം ബാധിക്കുന്ന പ്രണവിനെ ദ്വീപ് ജനത സ്‌നേഹത്തോടെ വരവേല്‍ക്കുന്നു. കഥയുടെ വിവിധ ഘട്ടങ്ങളില്‍ ദ്വീപ് ജനതയുമായി ഇടപഴകുന്ന പ്രണവ് ക്രമേണ വിഷാദരോഗത്തില്‍ നിന്നും മോചിതനാവുന്നു. ഇതിലൂടെ ദ്വീപ് ജനതയുടെ സ്‌നേഹത്തിന്റെ ആഴം ഒട്ടും കലര്‍പ്പില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സിനിമക്ക് കഴിയുന്നു.

മികച്ച ദൃശ്യാനുഭവം നല്‍കുന്ന സിനിമ, ലക്ഷ്വദീപിലെ പ്രകൃതിഭംഗിയെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ദ്വീപിന്റെ മികച്ച ഫ്രെയിമുകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത് ഛായാഗ്രാഹകന്‍ കെ.ജി. രതീഷാണ്. ബീന കാസിം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Tags:    

Similar News