ഒരു മസ്ജിദ് കൂടി അടച്ചുപൂട്ടാനൊരുങ്ങി ഫ്രഞ്ച് ഭരണകൂടം; രണ്ട് വര്‍ഷത്തിനിടെ താഴിട്ടത് 23 പള്ളികള്‍ക്ക്, പ്രതിഷേധം ശക്തം

ബാസ്‌റിന്‍ മേഖലയിലെ ഒബര്‍നായ് മസ്ജിദ് അടച്ചുപൂട്ടാനുള്ള നടപടിക്രമങ്ങള്‍ ഫ്രഞ്ച് ഭരണകൂടം ആരംഭിച്ചതായി ഫ്രഞ്ച് ചാനലായ ബിഎഫ്എമും ലെ ഫിഗാരോ പത്രവും റിപ്പോര്‍ട്ട് ചെയ്തു.

Update: 2022-09-29 11:31 GMT

പാരിസ്: മുസ്‌ലിംകള്‍ക്കും മസ്ജിദുകള്‍ക്കുമെതിരായ കടുത്ത നടപടി തുടരുകയാണ് ഫ്രഞ്ച് ഭരണകൂടം. മസ്ജിദിലെ ഇമാം തീവ്രവല്‍ക്കരിക്കപ്പെട്ടുവെന്നാരോപിച്ച് രാജ്യത്ത് വീണ്ടുമൊരു മസ്ജിദ് കൂടി അടച്ചുപൂട്ടാനൊരുങ്ങി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം.

ബാസ്‌റിന്‍ മേഖലയിലെ ഒബര്‍നായ് മസ്ജിദ് അടച്ചുപൂട്ടാനുള്ള നടപടിക്രമങ്ങള്‍ ഫ്രഞ്ച് ഭരണകൂടം ആരംഭിച്ചതായി ഫ്രഞ്ച് ചാനലായ ബിഎഫ്എമും ലെ ഫിഗാരോ പത്രവും റിപ്പോര്‍ട്ട് ചെയ്തു.

റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം, രാജ്യത്ത് തുടരുന്ന 'ഇസ്‌ലാമിക് വിഘടനവാദ'ത്തനെതിരെയുള്ള പോരാട്ടമാണിതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാല്‍ഡ് ഡാര്‍മനിന്‍ ബുധനാഴ്ച ട്വിറ്ററില്‍ കുറിച്ചു. 'വിഘടനവാദി'കളുടെ 23 മസ്ജിദുകള്‍ രണ്ട് വര്‍ഷത്തിനിടെ അധികൃതര്‍ അടച്ചുപൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒബെര്‍നൈ മസ്ജിദിലെ ഇമാം സമൂലമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഫ്രഞ്ച് സമൂഹത്തോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുകയും റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് മന്ത്രാലയം ആരോപിക്കുന്നു.

കഴിഞ്ഞ ജനുവരി നാലിനാണ് ഫ്രഞ്ച് ദേശീയ അംസബ്ലിയിലെ പ്രത്യേക കമ്മിറ്റി 'റിപ്പബ്ലിക്കന്‍ മൂല്യങ്ങളോടുള്ള ആദരവ് ശക്തിപ്പെടുന്നതിനുള്ള തത്വങ്ങള്‍' എന്ന വിവാദ ബില്‍ അംഗീകരിച്ചത്. ഈ ബില്‍ തുടക്കത്തില്‍ 'വിഘടനവാദ ഇസ്‌ലാമിനെതിരായ പോരാട്ടം' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ഫ്രാന്‍സിലെ മുസ്‌ലിംകളെ ലക്ഷ്യംവെക്കുന്നതാണെന്നും മുസ്‌ലിം ജീവിതങ്ങളിലെ എല്ലാ തലങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണെന്നും അന്താരാഷ്ട്ര സമൂഹവും സര്‍ക്കാരിതര സംഘടനകളും മനുഷ്യാവകാശ സംഘടനകളും യുഎന്നും വിമര്‍ശനമുന്നയിച്ചിരുന്നു.

Tags:    

Similar News