അടുത്ത തിരഞ്ഞെടുപ്പിന് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനും പുറത്തായിരിക്കും: അമിത് ഷാ
2024 ലോക്സഭ തിരഞ്ഞെടുപ്പിന് നിങ്ങളോട് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കിയിരിക്കുമെന്ന് ഭീഷണി മുഴക്കിയത്
കൈഥല്‍: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മുഴുവന്‍ കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് നിങ്ങളോട് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കിയിരിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫേല്‍ യുദ്ധവിമാനത്തില്‍ ആയുധ പൂജ നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നമ്മുടെ പാരമ്പര്യത്തെ അംഗീകരിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. കുടിയേറ്റക്കാരെ പുറത്താക്കണോ എന്ന് അമിത് ഷാ പ്രസംഗം കേള്‍ക്കാനെത്തിയവരോട് ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപി സിംഗ് പൗരത്വ പട്ടികയെ എതിര്‍ത്ത സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗം.
രാജ്യമാകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 19 ലക്ഷം ആളുകളാണ് രേഖകള്‍ ശരിയാക്കാത്തതിനാല്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത്.