രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി

ലീഗ് സമൂഹത്തില്‍ വര്‍ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണ് വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചര്‍ച്ച ചെയ്തിട്ടു മതി എന്ന് തീരുമാനിച്ചത്.

Update: 2021-12-25 18:13 GMT

കണ്ണൂര്‍: രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിനെയും അദ്ദേഹം കടന്നാക്രമിച്ചു. ലീഗ് സമൂഹത്തില്‍ വര്‍ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണ് വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചര്‍ച്ച ചെയ്തിട്ടു മതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം ലീഗ് യുഡിഎഫിലെ ഒന്നാമത്തെ പാര്‍ട്ടിയാണെന്ന് ചിലപ്പോള്‍ അവര്‍ കരുതുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ മുസ്‌ലിംങ്ങള്‍ക്ക് രക്ഷയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കി. ലീഗിന്റെ സമ്മേളനത്തിലെ ആള്‍ക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവര്‍ പ്രചരിപ്പിച്ചു. മുസ്‌ലിംകളുടെ വികാരം പ്രകടിപ്പിക്കാന്‍ എന്ന് പറഞ്ഞ് എത്തിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേട്ടില്ലേ. സമ്മേളനത്തില്‍ തന്റെ അച്ഛന്റെ പേരും വലിച്ചിഴച്ചു.

അതേസമയം, സംഘപരിവാറിനെ നേരിടാന്‍ അവര്‍ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികള്‍ കരുതുന്നു. തങ്ങള്‍ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്ഡിപിഐ കരുതുന്നത്. എസ്ഡിപിഐയും ആര്‍എസ്എസും പരസ്പരം വളമാകുന്നു. വലിയ രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷത്തേയും അദ്ദേഹം വിമര്‍ശിച്ചു. നാടിന്റെ വികസത്തിനെതിരെ പ്രതിപക്ഷം നില്‍ക്കുന്നു. ഇപ്പൊ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യം. ?ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാന്‍ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നില്‍ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയില്‍ പദ്ധതിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം എന്താണ്. നിങ്ങളുള്ളപ്പോള്‍ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിര്‍പ്പ് ഉണ്ടെന്നു കരുതി കെ റെയിലില്‍ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: