താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊല: നാലുപേര്‍ കൂടി അറസ്റ്റില്‍

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.

Update: 2019-11-01 09:59 GMT

താനൂര്‍: അഞ്ചുടിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരയ്ക്കല്‍ ഇസ്ഹാഖി(35) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ചേമ്പാളിന്റെ പുരയ്ക്കല്‍ ഷഹദാദ്, ഏനീന്റെപുരയ്ക്കല്‍ മുഹമ്മദ്് സഫീര്‍, ചേക്കാമടത്ത് മുഹമ്മദ് സഹവാസ്, പൗറകത്ത് സുഹൈല്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.

    കഴിഞ്ഞ മാസം 24ന് രാത്രിയാണ് അഞ്ചുടി പള്ളിക്കു സമീപം ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവരെന്നാണ് പോലിസ് പറയുന്നത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്ന് ബാക്കിയുള്ള പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണു സൂചന. സംഭവത്തിനു ശേഷം കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പോലിസ് അന്വേഷണം നീങ്ങുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ അടുത്ത ഒളിത്താവളത്തിലേക്കു നീങ്ങാന്‍ പണം സംഘടിപ്പിക്കാനായി ഒരു സുഹൃത്തിനെ ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യവിവരം പോലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബുവിന്റെയും താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റേയും നേതൃത്വത്തില്‍ കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.



Tags:    

Similar News