ഭാരത് ബന്ദിനിടെ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സംഘര്‍ഷം

Update: 2024-02-16 14:00 GMT

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് നടത്തിയ ഭാരത് ബന്ദിനിടെ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സംഘര്‍ഷം. കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെയാണ് വിവിധ സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വന്‍ സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടത്തിയ മൂന്നാം ഘട്ട ചര്‍ച്ചയും തീര്‍മാനാവാതെ പിരിഞ്ഞു. മൂന്ന് കേന്ദ്രമന്ത്രിമാരാണ് കര്‍ഷക സംഘടനാ നേതാക്കളുമായി വ്യാഴാഴ്ച രാത്രി അഞ്ച് മണിക്കൂറിലധികം നീണ്ട ചര്‍ച്ച നടത്തിയത്. ചില വിഷയങ്ങളില്‍ സമവായത്തിലെത്തിയെങ്കിലും തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ല. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായും വിവരമുണ്ട്.

Tags: