അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസ്: ഏഴ് വര്‍ഷത്തിനുശേഷം കുറ്റപത്രം

മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെകെ അനീഷ് ആത്മഹത്യ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് പാലക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Update: 2021-09-02 00:50 GMT

മലപ്പുറം: മൂന്നിയൂരില്‍ മാനേജ്‌മെന്റ് പീഡനത്തില്‍ മനംനൊന്ത് ആധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെകെ അനീഷ് ആത്മഹത്യ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് പാലക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2014 സെപ്റ്റംബര്‍ രണ്ടിനാണ് മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കെ കെ അനീഷ് ആത്മഹത്യ ചെയ്തത്. മലമ്പുഴയിലെ ഒരു ലോഡ്ജില്‍ മുറിയിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മാനേജ്‌മെന്റുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന അനീഷിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ജീവനക്കാരനെ അനീഷ് മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു മാനേജര്‍ പുറത്താക്കിയത്.

ഈ മനോവിഷമത്തിലാണ് അനീഷ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഗൂഡാലോചന, ആത്മഹത്യ പ്രേരണാക്കുറ്റം എന്നീ വകുപ്പുകള്‍ ഉള്‍പെടുത്തിയാണ് കേസില്‍ പാലക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌കൂള്‍ മാനേജരും പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ സെയ്തലവിയാണ് ഒന്നാം പ്രതി.

സ്‌കൂളിലെ ജീവനക്കാരായ മുഹമ്മദ് അഷറഫ്, അബ്ദുള്‍ റസാഖ്, അബ്ദുള്‍ ഹമീദ്, പ്രധാനാധ്യാപികയായിരുന്ന സുധ പി നായര്‍, പിടിഎ പ്രസിഡന്റായിരുന്ന ഹൈദര്‍ കെ മൂന്നിയൂര്‍, മലപ്പുറം മുന്‍ ഡിഡിഇ കെ സി ഗോപി എന്നിവരാണ് മറ്റ് പ്രതികള്‍. അനീഷിന്റെ മരണത്തിനുശേഷം പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് വിദ്യഭ്യാസ വകുപ്പ് കണ്ടെത്തുകയും റദ്ദാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News