വയനാട്ടിൽ ആദിവാസി വിദ്യാർഥികളെ അധ്യാപകൻ പീഡനത്തിനിരയാക്കി; ചൈൽഡ് ലൈൻ പരാതി പൂഴ്ത്തി

കുട്ടികളുടെ പരാതികകളിൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ജില്ലാ കോഡിനേറ്ററായ ഇടുക്കി സ്വദേശി പൂഴ്ത്തി. പരാതി ലഭിച്ചിട്ടും പോലിസിന് കൈമാറാതെ ചൈല്‍ഡ് ലൈനും ചേര്‍ന്ന് ഒതുക്കിയതായാണ് പരാതി.

Update: 2019-10-18 14:32 GMT

കല്‍പറ്റ: വയനാട്ടിൽ ആദിവാസി വിദ്യാർഥികളെ അധ്യാപകൻ പീഡിപ്പിച്ച സംഭവം ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തിയതായി പരാതി. ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപ്പപ്പാറ ഗിരി വികാസ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച പരാതിയില്‍ തിരുനെല്ലി പോലിസ് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് 25 നാണ് ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലെ രണ്ട് വിദ്യാര്‍ഥികളെ ലൈംഗീകമായി അധ്യാപകന്‍ പീഡിപ്പിച്ചത്. കുട്ടികളുടെ പരാതികകളിൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ജില്ലാ കോഡിനേറ്ററായ ഇടുക്കി സ്വദേശി പൂഴ്ത്തി. പരാതി ലഭിച്ചിട്ടും പോലിസിന് കൈമാറാതെ ചൈല്‍ഡ് ലൈനും ചേര്‍ന്ന് ഒതുക്കിയതായാണ് പരാതി.

ഇതുമായി ബന്ധപെട്ട് അധ്യാപകനെയും പീഡനം ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കും ട്രൈബല്‍ ഡവല്‍പ്പ്‌മെന്റ് ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ കോഡിനേറ്ററും അധ്യാപകനുമായ പ്രസാദിനാണ് കുട്ടികള്‍ പരാതി നല്‍കിയത്. പരാതി പരിശോധിക്കാന്‍ യോഗം ചേരുകയും ആരോപണ വിധേയനായ അധ്യാപകന്‍ കുറ്റം ചെയ്തതായും കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ കോഡിനേറ്റര്‍ ഹരിക്കും ചൈല്‍ഡ് ലൈന്‍ ജില്ലാ ഡയറകടര്‍ക്കും പരാതിയും നല്‍കി.

എന്നാല്‍, നടപടി സ്വീകരിക്കേണ്ടവര്‍ സംഭവം ഒതിക്കിയതായും അധ്യാപകരായ ലിജോ, പ്രസാദ് കെ ആര്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാരായ മൂന്ന് പേരെയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതായും ഇവര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ രവീന്ദ്രന്‍ കാടാം കോട്ടും ബാബു തിരുനെല്ലിയുമാണ് പരാതി നല്‍കിയത്. പട്ടികവര്‍ഗ്ഗ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ആരോപണവിധേയനായ അധ്യാപകന്‍ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ ഇവിടെ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലന്നും കുട്ടികളുടെ പരാതിയിലുണ്ട്. 

Tags:    

Similar News