ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍- ടിഡിപി സംഘര്‍ഷം; വാഹനങ്ങള്‍ക്ക് തീവച്ചു, ടിഡിപി ഓഫിസ് തകര്‍ത്തു

Update: 2023-02-21 07:16 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ ഗന്നവാരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വ്യാപക സംഘര്‍ഷം. സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ തീവച്ചു. ടിഡിപി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോനേരു സന്ദീപിന്റെ കാറിനും തീയിട്ടു. ടിഡിപി ഓഫിസും തകര്‍ത്തിട്ടുണ്ട്. ടിഡിപി പാര്‍ട്ടി ഓഫിസും ഓഫിസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും അക്രമികള്‍ തകര്‍ക്കുന്നതാണ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലിസ് തടയാന്‍ ശ്രമിച്ചിട്ടും അക്രമം തുടര്‍ന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ ടിഡിപി വക്താവ് മോശമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം.

റാലിക്കിടെ വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ ടിഡിപി ഓഫിസ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതോടെ ടിഡിപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വൈഎസ്ആര്‍ പ്രവര്‍ത്തകരെ തിരിച്ചടിക്കുകയായിരുന്നു. പോലിസെത്തിയാണ് പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഹരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും പ്രാദേശിക എംഎല്‍എ വല്ലഭനേനി വംശിയുടെ അനുയായികളും ചേര്‍ന്നാണ് നാശനഷ്ടം വരുത്തിയതെന്ന് ടിഡിപി അംഗങ്ങള്‍ ആരോപിച്ചു. അതേസമയം, ഭരണകക്ഷിയായ വൈഎസ്ആര്‍സിപി നേതാക്കള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

Tags:    

Similar News