ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ ടാറ്റാ സുമോ ഉല്‍പാദനം നിര്‍ത്തുന്നു

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സുമോ നിരത്തൊഴിയുന്നതെന്നാണ് സൂചന. രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്6 എന്‍ജിനിലേക്ക് മാറണമെന്ന നിര്‍ദേശവും സുരക്ഷ ശക്തമാക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന എഐഎസ് 145 എന്ന മാനദണ്ഡവുമാണ് ഇവ.

Update: 2019-09-17 12:49 GMT

ന്യൂഡല്‍ഹി: രണ്ടരപതിറ്റാണ്ടു കാലം ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ ടാറ്റാ സുമോ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ എസ്‌യുവികളുടെയും തുടക്കക്കാരനായി ഗണിക്കപ്പെടുന്ന സുമോ 1994ലാണ് ടാറ്റ അവതരിപ്പിക്കുന്നത്.

ടാറ്റയുടെ മറ്റ് വാഹനങ്ങള്‍ ഒന്നും നേടിയിട്ടില്ലാത്ത അംഗീകാരമാണ് പത്ത് പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കാര്‍ അതിവേഗം ആര്‍ജ്ജിച്ചത്. പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സുമോയാണ് ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പാഞ്ഞത്.

സൈനികര്‍ക്കും ഓഫ് റോഡുകള്‍ക്കുമുള്ള വാഹനമായാണ് ആദ്യഘട്ടത്തില്‍ സുമോ എത്തിയത്. എന്നാല്‍, വൈകാതെ തന്നെ ഈ വാഹനം പൊതുജനങ്ങളിലേക്കും എത്തുകയായിരുന്നു.

ടാറ്റയുടെ എക്‌സ് 3 ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സുമോ ആദ്യം എത്തിയത്. 2000 ആയതോടെ സുമോ, സുമോ സ്‌പേഷി ആയി മാറി. 2004ല്‍ സുമോ വിക്ട ആയും 2011ല്‍ സുമോ ഗോള്‍ഡ് ആയും വേഷപകര്‍ച്ച നടത്തി.

2013ലാണ് സുമോയില്‍ അവസാന മിനുക്കുപണി കമ്പനി നടത്തിയത്. ഡ്യുവല്‍ സോണ്‍ എസി, റേഡിയോസിഡിഎംപി3 സിസ്റ്റം, പുതിയ പെയിന്റ് സ്‌കീം, സ്റ്റിക്കറുകള്‍ എന്നിവയായിരുന്നു അന്ന് വരുത്തിയ പുതുമ.85 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു സുമോയുടെ കരുത്ത്.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സുമോ നിരത്തൊഴിയുന്നതെന്നാണ് സൂചന. രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്6 എന്‍ജിനിലേക്ക് മാറണമെന്ന നിര്‍ദേശവും സുരക്ഷ ശക്തമാക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന എഐഎസ് 145 എന്ന മാനദണ്ഡവുമാണ് ഇവ.

Tags: