താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം-എസ് ഡിപിഐ

Update: 2023-08-01 14:23 GMT

മലപ്പുറം: പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി സാമി ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് പോലിസിനെതിരേ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലിസ് തയ്യാറാവണമെന്ന് എസ് ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലിസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്പിയുടെ കീഴില്‍ രൂപീകരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തുവരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുക തന്നെ വേണം. എന്നാല്‍ അത്തരം നടപടികളെയെല്ലാം പ്രതിസന്ധിയിലാക്കുന്ന ദുരൂഹ നടപടികള്‍ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

    ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുര്‍ഷിദ് ഷമീം, മുസ്തഫ പാമങ്ങാടന്‍, ഖജാഞ്ചി കെ സി സലാം സംസാരിച്ചു.

Tags:    

Similar News