താനൂര്‍ ബോട്ട് ദുരന്തം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Update: 2023-05-16 16:37 GMT

പ്രതീകാത്മക ചിത്രം



താനൂര്‍: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ പ്രതികളായവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലിസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തേക്കാണ് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ബോട്ടുടടമ നാസര്‍, ബോട്ട് ഡ്രൈവര്‍(സ്രാങ്ക്) ദിനേശന്‍, ജീവനക്കാരായ വടക്കയില്‍ സവാദ്, ബോട്ട് ഉടമ നാസറിന്റെ സഹോദരന്‍ സലാം തുടങ്ങി അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. പോലിസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ താനൂര്‍ ഡിവൈഎസ്പി ബെന്നി, കണ്‍ട്രോള്‍ റൂം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുബി എസ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹത്തോടെ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. ഇക്കഴിഞ്ഞ എട്ടിനാണ് പിഞ്ചു കുഞ്ഞുങ്ങളടക്കം 22 പേര്‍ മരണപ്പെട്ട ദുരന്തം താനൂര്‍ പൂരപുഴ തൂവല്‍ തീരത്ത് ഉണ്ടായത്.

    അതിനിടെ, താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കടബാധ്യതകള്‍ ഏറ്റെടുത്തതായി പി വി അബ്ദുല്‍ വഹാബ് എംപി അറിയിച്ചു. ലീഗ് നേതാക്കള്‍ക്കൊപ്പം അപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് പ്രഖ്യാപനം നടത്തിയത്.

Tags:    

Similar News