ആദിവാസി ബാലന്‍മാരെ കൊണ്ട് ചെരുപ്പൂരിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവും വനം മന്ത്രിയുമായ ഡിണ്ടിഗല്‍ സി ശ്രീനിവാസനാണ് ആദിവാസികുരുന്നുകളെ കൊണ്ട് തന്റെ ചെരിപ്പ് അഴിപ്പിച്ചത്.

Update: 2020-02-06 18:09 GMT

ചെന്നൈ: ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ടു ബാലന്‍മാരെ കൊണ്ട് തന്റെ ചെരുപ്പ് ഊരിച്ച തമിഴ്‌നാട് മന്ത്രിക്കെതിരേ പ്രതിഷേധം കനയ്ക്കുന്നു. എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവും വനം മന്ത്രിയുമായ ഡിണ്ടിഗല്‍ സി ശ്രീനിവാസനാണ് ആദിവാസികുരുന്നുകളെ കൊണ്ട് തന്റെ ചെരിപ്പ് അഴിപ്പിച്ചത്. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള നീലഗിരി ജില്ലയിലെ മുതുമല കടുവാ സംരക്ഷണ സംരക്ഷണകേന്ദ്രത്തില്‍ കുങ്കിയാനകള്‍ക്കുള്ള 48 ദിവസത്തെ സുഖചികിത്സാ ക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ചടങ്ങിനു മുമ്പ് സമീപത്തെ വിനായകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനാണ് സമീപത്തുണ്ടായിരുന്ന ആദിവാസി ബാലന്‍മാരെ വിളിച്ച് ചെരൂപ്പൂരിച്ചത്.

ക്യാംപ് ഉദ്ഘാടനത്തിനു മുന്‍പ് ഒരു കൂട്ടം വനം ഉദ്യോഗസ്ഥരുടെയും പ്രാദേശിക എഐഎഡിഎംകെ നേതാക്കളുടെയും അകമ്പടിയോടെയാണു ശ്രീനിവാസന്‍ ക്ഷേത്രത്തിലെത്തിയത്. തന്റെ ചെരുപ്പുകള്‍ നീക്കംചെയ്യാന്‍ മന്ത്രി രണ്ട് ആണ്‍കുട്ടികളോട് ആജ്ഞാപിക്കുന്നതു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. കുട്ടികള്‍ മന്ത്രിക്കടുത്തേക്ക് വരുന്നതും അവരിലൊരാള്‍ മുട്ടുകുത്തി ചെരുപ്പ് ഊരുന്നതും വീഡിയോയില്‍ വ്യക്തമാണ്. പ്രവേശിക്കാനാണു കുട്ടിയെക്കൊണ്ട് മന്ത്രി ശ്രീനിവാസന്‍ ചെരുപ്പൂരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മന്ത്രിയുടെ നടപടി ജാതി മേധാവിത്വത്തിന്റെ പ്രതിഫലനമാണെന്നും നടപടി വേണമെന്നും നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തന്റെ പ്രവൃത്തിക്കുപിന്നില്‍ ഗൂഢ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കുട്ടികളെ തന്റെ കൊച്ചുമക്കളായാണു കരുതുന്നതെന്നും തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് പ്രാദേശിക ചാനലായ 'പുതിയതലൈമുറൈ'യോട് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പെരുമാറ്റത്തെ, കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സന്നദ്ധസംഘടനയായ തോഴാമൈയുടെ ഡയറക്ടര്‍ ദേവനിയന്‍ അപലപിച്ചു.

മന്ത്രിക്കെതിേര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ തമിഴ്‌നാട് ബാലാവകാശ കമ്മിഷന്‍ ഇടപെടണമെന്നും പട്ടികജാതിവര്‍ഗ അതിക്രമ നിയമപ്രകാരം മന്ത്രിക്കെതിരേ കേസെടുക്കണമെന്നും ദേവനിയന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News