സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കും; മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാന്‍

തങ്ങള്‍ സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കും-താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ്

Update: 2021-08-17 18:39 GMT

കാബൂള്‍: രാജ്യത്തെ വനിതകളുടെ അവകാശവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് താലിബാന്‍. അധികാരമേറ്റെടുത്ത ശേഷം കാബൂളില്‍ നടത്തിയ പ്രഥമ വാര്‍ത്താസമ്മേളനത്തിലാണ് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് ഇതു സംബന്ധിച്ച ഉറപ്പു നല്‍കിയത്. സംഘടനയുടെ സഹസ്ഥാപകന്‍ ഖത്തറില്‍നിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയാണ് താലിബാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്.

'തങ്ങള്‍ സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കും. തീര്‍ച്ചയായും തങ്ങള്‍ക്ക് ചട്ടക്കൂടുകള്‍ ഉണ്ട്. ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ സ്ത്രീകള്‍ സമൂഹത്തില്‍ ഏരെ സജീവമാവുമെന്നും കാബൂളില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പിന്റെ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.

കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ശക്തമായ മുഖംമിനുക്കല്‍ നടപടികളുമായാണ് താലിബാന്‍ മുന്നോട്ട് പോവുന്നത്. സ്ത്രീകള്‍ക്ക് എതിരെ ഒരു വിവേചനവും ഉണ്ടാകില്ലെന്നും' അവര്‍ തങ്ങളോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സബീഉല്ല വ്യക്തമാക്കി.

മുമ്പത്തേതില്‍നിന്നു പുതിയ താലിബാന്‍ സര്‍ക്കാര്‍ ഏറെ പരിണമിച്ചതായും അവര്‍ മുമ്പ് ചെയ്ത അതേ പ്രവര്‍ത്തനങ്ങള്‍ തുടരില്ലെന്നും മുജാഹിദ് പറഞ്ഞു.

തങ്ങള്‍ എടുക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ ഏറെ വ്യത്യാസമുണ്ടാവും. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘം പ്രതിജ്ഞാബദ്ധരാണെന്നു വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. 'തങ്ങളുടെ സാംസ്‌കാരിക ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കാം. സ്വകാര്യ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായും തന്നിഷ്ടപ്രകാരവും തുടരാം.അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം'-അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാറുകളില്‍ സേവനമനുഷ്ഠിച്ച, വിദേശികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അല്ലെങ്കില്‍ അഫ്ഗാന്‍ ദേശീയ സുരക്ഷാ സേനയുടെ ഭാഗമായവര്‍ക്കു നേരെ, അവരുടെ വീടുകളില്‍ കയറാനോ പ്രതികാര നടപടികള്‍ നടത്താനോ ഗ്രൂപ്പിന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ഇപ്പോള്‍ ഡെപ്യൂട്ടി നേതാവുമായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ഖത്തറിലെ ദോഹയില്‍ നിന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറില്‍ എത്തിയിട്ടുണ്ട്.

Tags: