താലിബാന്‍ കാബൂള്‍ കവാടങ്ങള്‍ക്ക് തൊട്ടരികെ; ഒഴിപ്പിക്കല്‍ നടപടികളുമായി എംബസികള്‍

അടിയന്തിര ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ യുഎസ് മറീനുകള്‍ അഫ്ഗാനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Update: 2021-08-14 04:21 GMT

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് താലിബാന്‍ നിയന്ത്രണം വ്യാപിപ്പിക്കുന്നതിനിടെ കാബൂളിലേക്ക് അഭയാര്‍ഥി പ്രവാഹം. അതിനിടെ, തങ്ങളുടെ പൗരന്‍മാരെയും ഉദ്യോഗസ്ഥരേയും അടിയന്തിരമായി രാജ്യത്തുനിന്ന് ഒഴിപ്പിക്കാന്‍ എംബസികള്‍ ശ്രമം തുടങ്ങി. അടിയന്തിര ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ യുഎസ് മറീനുകള്‍ അഫ്ഗാനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാറും കുണ്ടൂസും താലിബാന്‍ കൈപിടിയിലമര്‍ന്നതോടെ കാബൂള്‍ ഫലപ്രദമായി ഉപരോധിക്കപ്പെട്ടു.

കാര്യമായ ഒരു ചെറുത്തുനില്‍പ്പു പോലും നടത്താതെയാണ് പലയിടത്തും അഫ്ഗാന്‍ സൈന്യം കീഴടങ്ങുകയോ അടിയറവ് പറയുകയോ രക്ഷപ്പെടുകയോ ചെയ്തിട്ടുള്ളത്. താലിബാന്‍ സംഘം ഇപ്പോള്‍ വെറും 50 കിലോമീറ്റര്‍ (30 മൈല്‍) അകലെയാണ് ക്യാംപ് ചെയ്യുന്നത്. തലസ്ഥാനത്തിന് നേരെയുള്ള ആക്രമണം ആസന്നമായിരിക്കെ അമേരിക്കയും ഇതര രാജ്യങ്ങളും കാബൂളില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ വ്യോമമാര്‍ഗം പുറത്തെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ്.

വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കും ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കുന്നതിനും 3,000 അമേരിക്കന്‍ സൈനികരടങ്ങിയ യൂനിറ്റ് രാജ്യത്തെത്തിയതോടെ സെന്‍സിറ്റവായ ഫയലുകളും മറ്റും നശിപ്പിക്കാന്‍ യുഎസ് എംബസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ എംബസികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തതോടെ തലസ്ഥാനമായ കാബൂളിലേക്ക് അഭയാര്‍ഥികള്‍ വന്‍ തോതില്‍ പ്രവഹിക്കുകയാണ്.വഴിയോരങ്ങളില്‍ തമ്പടിച്ചാണ് താമസം. പട്ടിണി അതിരൂക്ഷമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. അയല്‍ രാജ്യമായ പാകിസ്ഥാനില്‍ അഭയം തേടുന്നവരും കുറവല്ല. താലിബാനു മുന്നില്‍ പെട്ടെന്ന് കീഴടങ്ങുന്ന സൈന്യത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

Tags:    

Similar News