താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറയ്ക്കണമെന്ന ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും ഉത്തരവിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.ഈ ഉത്തരവിനെ തങ്ങള്‍ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യും, സുപ്രീം കോടതിയിലേക്ക് പോകുന്നതിന് മുമ്പ് ചരിത്ര വകുപ്പിനെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും സമീപിക്കുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ രുദ്ര വിക്രം സിംഗ് പറഞ്ഞു.

Update: 2022-05-12 10:30 GMT

അലഹാബാദ്: ലോകാല്‍ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ബിജെപി നേതാവിന്റെ ഹരജി അലഹാബാദ് ഹൈകോടതി തള്ളി. ഹരജിയില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങല്‍ തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായ, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ അലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അയോധ്യയിലെ ബിജെപി മാധ്യമ ചുമതല വഹിക്കുന്ന രജ്‌നീഷ് സിങ് കോടതിയെ സമീപിച്ചത്.

'ഇത് പരിശോധിക്കാന്‍ ഒരു വസ്തുതാന്വേഷണ സമിതി രൂപീകിരക്കാന്‍ ആവശ്യപ്പെടുന്നത് നിങ്ങളുടെ അവകാശങ്ങളുടെ പരിധിയില്‍ വരുന്നതല്ല, അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല, അക്കാര്യം തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല'-ബെഞ്ച് വ്യക്തമാക്കി.

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുന്‍ ഹൈക്കോടതി, സുപ്രിം കോടതി വിധികള്‍ ഹര്‍ജിക്കാരന്‍ അവതരിപ്പിച്ചപ്പോള്‍ നല്‍കിയ വാദങ്ങളോട് യോജിപ്പില്ലെന്നും കോടതി പറഞ്ഞു. ഭേദഗതി വരുത്തിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഹരജിക്കാരന്‍ അനുമതി തേടിയിട്ടുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് അടച്ചിട്ടിരിക്കുന്ന 22 മുറികളെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിക്കണം. വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരന്‍മാരും സംഘടനകളും അവകാശവാദപ്പെട്ടതായി ഹരജിയില്‍ ചൂണ്ടികാട്ടിയിരുന്നു.

അതേസമയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും ഉത്തരവിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.ഈ ഉത്തരവിനെ തങ്ങള്‍ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യും, സുപ്രീം കോടതിയിലേക്ക് പോകുന്നതിന് മുമ്പ് ചരിത്ര വകുപ്പിനെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും സമീപിക്കുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ രുദ്ര വിക്രം സിംഗ് പറഞ്ഞു.

അതിനിടെ, താജ് മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി യഥാര്‍ഥത്തില്‍ ജയ്പൂര്‍ രാജ കൂടുംബത്തിന്റെതായിരുന്നുവെന്നും ഇത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചെടുത്തതാണെന്നും രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി അവകാശപ്പെട്ടിരുന്നു. താജ് മഹല്‍ നിര്‍മിച്ച ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. പഴയ ജയ്പൂര്‍ രാജകുടുംബത്തിലെ അംഗം കൂടിയാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി.

Tags: