യുഎപിഎ ചുമത്തി താഹ തടവിൽ; പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇടതുപക്ഷ പ്രതിഷേധത്തിൽ ഉമ്മ ജമീലയും

ഇന്ന് ഇവർക്കൊപ്പം അണിനിരക്കേണ്ടിയിരുന്ന അലനും താഹയും ഇപ്പോഴും ജയിലിലാണ്. യുഎപിഎ നിയമപ്രകാരം ജയിലിൽ കിടക്കുന്ന താഹയുടെ സഹോദരൻ ഇജാസും, ഉമ്മ ജമീലയും ഭരണഘടന സംരംക്ഷണ ശൃംഖലയിൽ

Update: 2020-01-26 14:53 GMT

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരേ മഹാ പ്രതിഷേധത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ ഇടതുപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് ആ പ്രതിഷേധത്തിന്‍റെ ഭാഗമാകാന്‍ താഹയുടെ ഉമ്മയും എത്തി. ഇടതുപക്ഷ സര്‍ക്കാർ യുഎപിഎ ചുമത്തിയത് കാരണം മകന്‍ താഹ ഫസല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുമ്പോഴും, ഇടതുപക്ഷത്തിന്‍റെ ചെങ്കൊടിക്ക് കീഴില്‍ പ്രതിഷേധ ചങ്ങലയാകാന്‍ ജമീലയെത്തിയത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ചയാവുകയാണ്.

താഹയുടെ സഹോദരൻ ഇജാസും മനുഷ്യചങ്ങലയുടെ ഭാഗമായി അണിനിരന്നു. മാവോവാദി ബന്ധമാരോപിച്ചാണ് പിണറായി സര്‍ക്കാര്‍ താഹ ഫസലിനെയും അലനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. സിപിഐ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം സിപിഎമ്മിലെ പല നേതാക്കളും ഇവരുടെ മാവോവാദി ബന്ധമാരോപണം തള്ളികളഞ്ഞിട്ടുണ്ട്.

ഇന്ന് ഇവർക്കൊപ്പം അണിനിരക്കേണ്ടിയിരുന്ന അലനും താഹയും ഇപ്പോഴും ജയിലിലാണ്. യുഎപിഎ നിയമപ്രകാരം ജയിലിൽ കിടക്കുന്ന താഹയുടെ സഹോദരൻ ഇജാസും, ഉമ്മ ജമീലയും ഭരണഘടന സംരംക്ഷണ ശൃംഖലയിൽ അണിചേർന്നെന്ന കുറിപ്പോടെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.

സിപിഎം അംഗത്വം ഉണ്ടായിട്ടും മാവോവാദികളാണെന്ന് പറയുന്നതിലെ ശരികേട് അനുഭാവികളും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നുണ്ട്. താഹയുടെ ഉമ്മ ഇടതുപക്ഷത്തിന്‍റെ മനുഷ്യചങ്ങലയില്‍ അടിയുറച്ച് നിന്നതോടെ സോഷ്യല്‍ മീഡിയയിലടക്കം വിഷയം വീണ്ടും ചര്‍ച്ചയാകുമെന്നുറപ്പാണ്.  


Full View

Similar News