തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ തിരിച്ചുവരവ്; എസ് ഡിപിഐയുടെ നിയമപോരാട്ടത്തിന്റെ വിജയം

Update: 2020-05-17 14:52 GMT

ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കുടുങ്ങിയ തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ തമിഴ്‌നാട്ടിലേക്കു തിരിച്ചെത്തിക്കാനായത് എസ് ഡിപി ഐയുടെ നിയമപോരാട്ടത്തിന്റെ വിജയം. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) തമിഴ് നാട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ് ഇക്കാര്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് നടപടിയുണ്ടായത്. ഹരജി പരിഗണിച്ച കോടതി തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാട് സ്വദേശികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഹരജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശങ്ങളോട് മുഖംതിരിച്ച സംസ്ഥാന സര്‍ക്കാര്‍ പിന്നീട് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ആളുകളെ കൊണ്ടുവരാന്‍ തീവണ്ടി ഏര്‍പ്പാട് ചെയ്തത്.

    മെയ് 15നു ജസ്റ്റിസ് എം സത്യനാരായണന്‍, പുഷ്പ സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ അന്തിമ വാദം കേട്ടത്. ഡല്‍ഹിയില്‍ നിന്ന് തമിഴ് ജനതയെ കൊണ്ടുപോവാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായും നാളെ തന്നെ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് ഹരജിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്. തുടര്‍ന്ന്, ശനിയാഴ്ച വൈകീട്ട് മൂന്നോടെ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ പ്രത്യേക ട്രെയിനില്‍ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു. എസ്ഡിപിഐയുടെ അഭിഭാഷക വിഭാഗത്തിന്റെ കഠിനാധ്വാനവും പരിശ്രമവും മൂലം നേടിയ വിജയമാണിതെന്ന് മുസ്‌ലിം സമൂഹത്തെയും തമിഴ് ജനതയെയും അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എസ് ഡിപിഐ അഡ്വക്കേറ്റ്‌സ് വിങ് സംസ്ഥാന സെക്രട്ടറി അഡ്വ. എ രാജ മുഹമ്മദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Tags:    

Similar News