സുശാന്ത് സിങ് രജ്പുത്തിന്റെ അംഗരക്ഷകനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ഇന്ന് ചോദ്യം ചെയ്യാന്‍ നേരിട്ട് എത്തണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്.

Update: 2020-08-13 05:27 GMT

മുംബൈ: റിയ ചക്രബര്‍ത്തി, അവളുടെ കുടുംബാംഗങ്ങള്‍, മാനേജര്‍, സുശാന്ത് സിങ് രജ്പുത്തിന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥ് പിത്താനി എന്നിവരെ ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തരിച്ച നടന്റെ അംഗരക്ഷകന് സമന്‍സ് അയച്ചു. ഇന്ന് ചോദ്യം ചെയ്യാന്‍ നേരിട്ട് എത്തണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്. സാമ്പത്തികമായോ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധയില്‍പ്പെട്ട മറ്റേതെങ്കിലും ക്രമക്കേടുകളെക്കുറിച്ച് മൊഴി നല്‍കാനാണ് ഏതാനും വര്‍ഷങ്ങളായി രജപുത്തുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അംഗരക്ഷകനെ ഇഡി വിളിപ്പിച്ചിട്ടുള്ളത്.

റിയ ചക്രവര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി മീതു സിങ്ങിനെയും ഇഡി അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പട്‌നയില്‍ നല്‍കിയ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. റിയയും കുടുംബാംഗങ്ങളും സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ അടിച്ചുമാറ്റിയതായി പരാതിയില്‍ പറയുന്നു. റിയ സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായും പരാതിയിലുണ്ട്.

റിയ ചക്രബര്‍ത്തിയെ ഇഡി രണ്ടു തവണ ചോദ്യം ചെയ്തിട്ടുണ്ട്. സഹോദരന്‍ ഷോയിക് ചക്രബര്‍ത്തി, അച്ഛന്‍ ഇന്ദ്രജിത് ചക്രവര്‍ത്തി എന്നിവരേയും ചോദ്യംചെയ്യലിന് വിധേയരാക്കിയിട്ടുണ്ട്. ഷോയിക്കിനെ മൂന്നുതവണ വിളിക്കുകയും അദ്ദേഹത്തിന്റെ നിക്ഷേപങ്ങളെക്കുറിച്ചും വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.


Tags:    

Similar News