ആള് മാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപോര്‍ട്ട്

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായതായി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Update: 2019-05-25 06:50 GMT

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയതില്‍ പിഴവ് ഉണ്ടായതായി മെഡിക്കല്‍ കോളജ് സുപ്രണ്ടിന്റെ പ്രാഥമിക റിപോര്‍ട്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായതായി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ഡാനിഷ് (7)ന് മൂക്കിന് നിശ്ചയിച്ച ശസ്ത്രക്രിയ വയറിന് നടത്തുകയായിരുന്നു. കുട്ടിക്ക് ഹെര്‍ണിയയുടെ ഭാഗമായി ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. മൂക്കിലെ ദശ മാറ്റാന്‍ കരുവാരക്കുണ്ട് സ്വദേശിയായ മറ്റൊരു കുട്ടിക്കും ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ഈ കുട്ടിയെ ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറില്‍ ശസ്ത്രക്രിയ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതേതുടര്‍ന്ന് ഡോക്ടറെ വിവരമറിയിച്ചപ്പോള്‍ ഉടന്‍തന്നെ മൂക്കിലും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കയ്യിലെ ടാഗില്‍ എഴുതിയ പേരില്‍ സാമ്യം വന്നതാണ് ആളു മാറാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. വയറില്‍ ശസ്ത്രക്രിയ നടത്താന്‍ തങ്ങളോട് അനുമതി വാങ്ങിയിരുന്നില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തിയറ്ററില്‍ കയറ്റിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ കണ്ടെത്തിയപ്പോള്‍ ഉടനെ ഓപ്പറേഷന്‍ നടത്തുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം.

Tags:    

Similar News