ട്വീറ്റിനെതിരേ രാജ്യദ്രോഹ കേസ്: തരൂരിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Update: 2021-02-09 07:32 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത രാജ്യ ദ്രോഹക്കേസില്‍ ശശി തരൂരിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ ബാലിശമാണെന്ന് കോടതിയെ അറിയിച്ചു.

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്ന് തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്‌തെന്ന് എഫ്‌ഐആറിലുണ്ട്. ഇത് ചെങ്കോട്ടയിലെത്തി കൊടി ഉയര്‍ത്താന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.

കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിഎസ് രാകേഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കര്‍ണാടകയില്‍ തരൂരിനെതിരെ കേസെടുത്തത്. പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്.

Tags: