പൗരത്വ ഹരജി ശബരിമല പുനപരിശോധന ഹരജിക്ക് ശേഷമെന്ന് സുപ്രിംകോടതി -കേന്ദ്രം സത്യവാങ്മൂലം വൈകിപ്പിക്കുന്നതിലും വിമര്‍ശനം

ഡിസംബറില്‍ സമര്‍പ്പിച്ച ഹരജി ഫെബ്രവരിയില്‍ കേള്‍ക്കാമെന്നായിരുന്നു കോടതി പറഞ്ഞതെന്നും മാര്‍ച്ചായിട്ടും നടപടികള്‍ ആയില്ലെന്നും കപില്‍ സിബലും അഡ്വ. ഹാരിസ് ബീരാനും ചീഫ് ജസ്റ്റിസിന് മുന്‍പാകെ ചൂണ്ടിക്കാട്ടി.

Update: 2020-03-05 17:31 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്‌ലിംലീഗ് അടക്കമുള്ള കക്ഷികള്‍ സമര്‍പ്പിച്ച ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നതെന്തന്ന് സുപ്രിംകോടതി. മുസ്‌ലിംലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹരജി പരിഗണിക്കുന്നതിലുള്ള കാലതാമസം ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന് മുന്‍പാകെ ഇന്നലെ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് കോടതി കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണി ജനറലിനോട് കാലതാമസത്തിനുള്ള കാരണം ആരാഞ്ഞത്. എതിര്‍സത്യവാങ്മൂലം നേരത്തെ തന്നെ തയ്യാറായതായും രണ്ട് ദിവസത്തിനകം ഫയല്‍ ചെയ്യാമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മറുപടി നല്‍കി.

ഡിസംബറില്‍ സമര്‍പ്പിച്ച ഹരജി ഫെബ്രവരിയില്‍ കേള്‍ക്കാമെന്നായിരുന്നു കോടതി പറഞ്ഞതെന്നും മാര്‍ച്ചായിട്ടും നടപടികള്‍ ആയില്ലെന്നും കപില്‍ സിബലും അഡ്വ. ഹാരിസ് ബീരാനും ചീഫ് ജസ്റ്റിസിന് മുന്‍പാകെ ചൂണ്ടിക്കാട്ടി. ഹോളി അവധിക്ക് ശേഷം ഹരജികളില്‍ വാദം കേള്‍ക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ശബരിമല പുനപരിശോധന ഹരജയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടന്നും അതിന് ശേഷം മാത്രമേ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുകയുള്ളൂവെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് രണ്ട് മണിക്കൂര്‍ വീതമെങ്കിലും ഹരജികള്‍ പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. തുടര്‍ന്ന് ഹോളി അവധിക്ക് ശേഷം വിഷയം കോടതിക്ക് മുന്‍പാകെ വീണ്ടും പരമാര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കപില്‍ സിബലിനോട് നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 9 മുതല്‍ 16 വരെയാണ് ഹോളി അവധി. ജനുവരി 22ന് ഹരജികള്‍ പരിഗണിച്ച കോടതി നാലാഴ്ച്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. നാലാഴ്ച്ച കഴിഞ്ഞിട്ടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ കേസ് നീട്ടികൊണ്ടുപോവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഇന്നലെ കോടതിക്ക് മുന്‍പാകെ പരമാര്‍ശിച്ചത്.


പാര്‍ലമെന്റിലായാലും കോടതിയിലായാലും ജനങ്ങളനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളെ പരിഗണിക്കാതെ അനന്തമായി നീട്ടികൊണ്ടുപോവുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി കുറ്റപ്പെടുത്തി. രാജ്യത്തരങ്ങേറിയ കലാപത്തെ പറ്റി പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുകയാണ്. പൗരത്വ പ്രക്ഷോഭങ്ങള്‍ രാജ്യമൊട്ടുക്കും ശക്തിയാര്‍ജ്ജിക്കുകായാണ്. ജനങ്ങളുടെ പ്രതീക്ഷ കോടതിയിലാണ്. എന്നാല്‍ കോടതി ഹരജി പരിഗണിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് ലീഗിന് വേണ്ടി ഹാജറായ അഭിഭാഷകര്‍ കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തുന്നത് ചീഫ് ജസ്റ്റിസിന് മുന്‍പാകെ പരാമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News