'ലക്ഷ്യമിടുന്നത് ഒരു പ്രത്യേക വിഭാഗത്തെ, ഇന്ത്യ മതേതര രാജ്യമാണെന്ന് ഓര്‍ക്കണം'; രാജ്യത്തെ സ്ഥലനാമങ്ങള്‍ മാറ്റണമെന്ന ബിജെപി നേതാവിന്റെ ഹരജി സുപ്രിംകോടതി തള്ളി

Update: 2023-02-27 11:46 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഹരജിക്കാരനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചാണ് സുപ്രിംകോടതിയുടെ നടപടി. ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണമെന്ന് ഹരജിക്കാരനോട് ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. ഹരജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്.

രാജ്യം വീണ്ടും തിളച്ചുമറിയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ഹരജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു. ഇതൊരു തത്സമയ വിഷയമായി നിലനിര്‍ത്താനും രാജ്യത്തെ തിളപ്പിക്കാനുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഒരു പ്രത്യേക സമൂഹത്തിന് നേരെ വിരലുകള്‍ ചൂണ്ടുന്നു. നിങ്ങള്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ താഴ്ത്തിക്കെട്ടുന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, ഇതൊരു മതേതര വേദിയാണ്- ജസ്റ്റിസ് ജോസഫ് ഉപാധ്യായയോട് പറഞ്ഞു. ഹരജി വഴി പുതിയ തലമുറയെ വഴിതെറ്റിക്കാനുള്ള ശ്രമമാണെന്ന് ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്‌നയും പറഞ്ഞു. 1000 സ്ഥലങ്ങളുടെ പേരുമാറ്റാന്‍ കമ്മീഷനെ വയ്ക്കണമെന്നായിരുന്നു ഹരജി. പ്രധാനമായും മുഗള്‍രാജാക്കന്മാരുടെ പേരിലുള്ള സ്ഥലങ്ങള്‍, റോഡുകള്‍ പുനര്‍നാമകരണം ചെയ്യണം.

വേദങ്ങളിലും പുരാണങ്ങളിലും പരാമര്‍ശിച്ചിരിക്കുന്ന നിരവധി ചരിത്ര സ്ഥലങ്ങള്‍ ഇപ്പോള്‍ 'വിദേശ കൊള്ളക്കാരുടെ' പേരിലാണെന്ന് ഹരജിക്കാരന്‍ വാദിച്ചു. 'ലോധി, ഗസ്‌നി, ഗോറി എന്നിങ്ങനെ നമുക്ക് റോഡുകളുണ്ട്. പാണ്ഡവരുടെ പേരില്‍ ഒരൊറ്റ റോഡില്ല. ഇന്ദ്രപ്രസ്ഥം നിര്‍മിച്ചത് യുധിഷ്ഠിരനാണെങ്കിലും നഗരം കൊള്ളയടിച്ചയാളുടെ പേരിലാണ് ഫരീദാബാദ്. ഔറംഗസേബ്, ലോധി, ഗസ്‌നി തുടങ്ങിയവര്‍ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം'- എന്ന് ഹരജിക്കാരനായ അശ്വിനി ഉപാധ്യായ ചോദിച്ചു. മതപരമായ ആരാധനകള്‍ക്ക് റോഡുമായി ബന്ധമില്ലെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദത്തിന് ശ്രമിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഹിന്ദുരാജാക്കന്‍മാര്‍ പള്ളികള്‍ക്കായി ഭൂമി ദാനം ചെയ്തതിന്റെ ഉദാഹരണങ്ങളുണ്ട്. അതാണ് ഇന്ത്യയുടെ ചരിത്രം. ദയവായി അത് മനസിലാക്കുക. ഇന്ത്യ മതേതര രാജ്യമാണ്. രാജ്യത്തിന് ഭൂതകാലത്തിന്റെ തടവില്‍ തുടരാനാവില്ലെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണോ ഹരജിക്കാരന്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ഇത്തരം ഹരജികളാല്‍ സമൂഹത്തെ തകര്‍ക്കരുത്. രാജ്യത്തെ പരിഗണിക്കുക. ഏതെങ്കിലും മതത്തെയല്ല. ഹിന്ദുമതത്തില്‍ മതഭ്രാന്തില്ലെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഹിന്ദു സംസ്‌കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാവില്ല. സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുത്. തീരുമാനം ശരിയാണെന്ന് ഹരജിക്കാരന് പിന്നീട് മനസ്സിലാവുമെന്ന് കോടതി പറഞ്ഞു.

Tags: