വരവര റാവുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കണം; ബോംബെ ഹൈക്കോടതിയോട് സുപ്രിംകോടതി

മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കാതെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് തലോജ ജയിലിലേക്ക് വീണ്ടും എത്തിക്കുകയായിരുന്നു

Update: 2020-10-30 10:10 GMT

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച തെലുങ്ക് വിപ്ലവ കവിയും എഴുത്തുകാരനുമായ വരവര റാവുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് സുപ്രിംകോടതി ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. സപ്തംബര്‍ 17 മുതല്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നു കണ്ടെത്തിയ സുപ്രിംകോടതി, വരവര റാവുവിന്റെ ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു. തടവുകാരന്റെ മനുഷ്യാവകാശങ്ങളെ കുറിച്ചും ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരണ്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. വരവര റാവുവിന്റെ ഭാര്യ പെന്‍ഡ്യാല ഹേമലതയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് ആരോഗ്യപരമായ പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്നും ഇത് തീരുമാനമെടുക്കാനുള്ള കഴിവിനെയും മാനസിക വിവേകത്തെയും ബാധിച്ചെന്നും ചൂണ്ടിക്കാട്ടി. മറ്റ് അസുഖങ്ങള്‍ക്ക് പുറമേ റാവുവിനു ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെന്നും കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു.

    മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കാതെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് തലോജ ജയിലിലേക്ക് വീണ്ടും എത്തിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപോര്‍ട്ട് ജൂലൈ മാസത്തിലുള്ളതാണെന്നും ജാമ്യാപേക്ഷ അവസാനമായി ബോംബെ ഹൈക്കോടതി എപ്പോഴാണ് കേട്ടതെന്നും ഇന്ദിരാ ജെയ്‌സിങിനോട് കോടതി ചോദിച്ചു. ആഗസ്തിലും പിന്നീട് സപ്തംബര്‍ 17 ലും ജാമ്യാപേക്ഷയില്‍ വാദം കേട്ടെങ്കിലും പിന്നീട് ഇത് പരിഗണിച്ചില്ല. ബെഞ്ചിലെ ഒരു ജഡ്ജി കൂടുതല്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയെന്നും കോടതിയില്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ജാമ്യാപേക്ഷയില്‍ വാദം കേട്ടിട്ടില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. ഇത്തരം വസ്തുതകള്‍ ഹൈക്കോടതി മുമ്പാകെ കൊണ്ടുവന്നിട്ടുണ്ടോ എന്ന ബെഞ്ചിന്റെ ചോദ്യത്തോട് രജിസ്ട്രാര്‍ക്ക് ഒരു കത്ത് അയച്ചതായി ജെയ്സിങ് അറിയിച്ചു. ഇതോടെയാണ് ജാമ്യാപേക്ഷ വേഗം പരിഗണിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ബെഞ്ച് അറിയിച്ചത്.

    ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് (അവകാശങ്ങള്‍ നടപ്പാക്കുന്നതിന് സുപ്രിംകോടതിയെ സമീപിക്കാനുള്ള അവകാശം) ഉന്നത കോടതിക്ക് മുമ്പില്‍ അപേക്ഷ നല്‍കിയത്. റാവുവിനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് തിരിച്ചയച്ചത് ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ്. വളരെയധികം സമയം കഴിഞ്ഞു. അദ്ദേഹത്തിന്റെ അവസ്ഥ ഇതിനകം വഷളായിട്ടുണ്ട്. ജയിലില്‍ മരിക്കുമോ എന്ന ആശങ്കയുണ്ടെന്നും ജെയ്സിങ് പറഞ്ഞു. ഒരു മാസത്തിലേറെയായിട്ടും ഇക്കാര്യം ഹൈക്കോടതിയില്‍ ലിസ്റ്റുചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു. റാവുവിനെ നാനാവതി ആശുപത്രിയില്‍ നിന്ന് താലോജ ജയിലിലേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ചു. വരവര റാവു, ഗൗതം നവലാഖ തുടങ്ങി നിരവധി സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരെയാണ് പൂനെ പോലിസ് 2018 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം അറസ്റ്റ് ചെയ്തത്.

Top Court Asks Bombay High Court To Consider Varavara Rao's Bail Plea




Tags: