ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയം: വസ്തുതാന്വേഷണ സംഘം

അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളെ അടിസ്ഥാനമാക്കി രാഷ്ട്രപതി, സുപ്രികോടതി ചീഫ് ജസ്റ്റിസ്, വിവിധ കമ്മീഷനുകള്‍ എന്നിവര്‍ക്ക് വിശദമായ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് സംഘം ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2021-11-02 13:12 GMT

ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്ന് സുപ്രിം കോടതി അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും സംയുക്തമായി നടത്തിയ വസ്തുതാന്വേഷണത്തിലെ കണ്ടെത്തല്‍. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളെ അടിസ്ഥാനമാക്കി രാഷ്ട്രപതി, സുപ്രികോടതി ചീഫ് ജസ്റ്റിസ്, വിവിധ കമ്മീഷനുകള്‍ എന്നിവര്‍ക്ക് വിശദമായ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് സംഘം ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന് വേണമെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരേ ഇത്തരമൊരു ഭയാനകമായ അക്രമസംഭവങ്ങളുണ്ടാവുന്നത് തടയാമായിരുന്നുവെന്നാണ് സ്ഥിതിഗതികള്‍ പരിശോധിച്ചതില്‍നിന്ന് വ്യക്തമാവുന്നതെന്ന് സംഘം വിലയിരുത്തി.

ത്രിപുര സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയവും ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യവുമാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. ദേശസ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ അക്രമികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ ത്രിപുരയിലെ 51 സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

ഈ പ്രകടനങ്ങള്‍ക്ക് ശേഷമാണ് ത്രിപുരയിലുടനീളം അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സര്‍ക്കാര്‍ കൃത്യസമയത്ത് ഉചിതമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അക്രമത്തിന് ഇത്ര ഭീകരമായ രൂപം കൈവരില്ലായിരുന്നുവെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നതെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ത്രിപുരയിലെ കലാപബാധിത പ്രദേശങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയാണ് സുപ്രിംകോടതി അഭിഭാഷകരുടെയും ന്യൂഡല്‍ഹിയിലെ മനുഷ്യാവകാശ സംഘടനകളുടെയും സംയുക്ത അന്വേഷണസംഘം വസ്തുതാന്വേഷണം നടത്തി പ്രാഥമിക വസ്തുതകള്‍ പുറത്തുവന്നത്. അന്വേഷണസംഘം പീഡനത്തിനും ആക്രമണത്തിനും ഇരയായവരെ കാണുകയും വിവരങ്ങളും വസ്തുതകളും ശേഖരിക്കുകയും ചെയ്തു.

റിപോര്‍ട്ട് രാഷ്ട്രപതി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് കൈമാറുമെന്നും സംഘം പറഞ്ഞു. സുപ്രിംകോടതി അഭിഭാഷകന്‍ അഡ്വ.ഇഹ്തിസാം ഹാഷ്മി, ലോയേഴ്‌സ് ഫോര്‍ ഡെമോക്രസി കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗം അഡ്വ. അമിത് ശ്രീവാസ്തവ്, എന്‍സിഎച്ച്ആര്‍ഒ സെക്രട്ടറി അഡ്വ.അന്‍സാര്‍ ഇന്‍ഡോരി, പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍, ഡല്‍ഹി) പ്രതിനിധി അഡ്വ. മുകേഷ് എന്നിവരാണ്് സംയുക്ത അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News