നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന് സുപ്രിംകോടതി; എംപാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും പ്രക്ഷോഭത്തിന്‌

Update: 2019-01-07 13:37 GMT

ന്യൂഡല്‍ഹി/കോഴിക്കോട്: വലിയ നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേയെന്ന് സുപ്രിംകോടതി. താല്‍ക്കാലിക ജീവനക്കാരുടെ സേവനകാലാവധി പെന്‍ഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആര്‍ടിസി നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം.

താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം 400 കോടി രൂപയുടെ അധിക ബാധ്യത വരും. നാലായിരം കോടി രൂപയിലധികം നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി എന്ന് അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന പരാമര്‍ശം സുപ്രിംകോടതിയില്‍നിന്നുണ്ടായത്.

ഹരജിയിലെ അന്തിമവാദം വ്യാഴാഴ്ച നടക്കും. അതിനിടെ, കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുസംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പിഎസ്‌സി റാങ്ക് പട്ടികയില്‍നിന്നുള്ളവരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളില്‍ തങ്ങളെ നിയമിക്കണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യവും ഹൈക്കോടതി തള്ളി.

അതേസമയം, വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങാന്‍ കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ തീരുമാനിച്ചു. ഈമാസം 21ന് എംപാനല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്താനാണ് തീരുമാനം. തൊഴിലാളി യൂനിയനുകളെല്ലാം തങ്ങളെ വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം.

സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിനെതിരേ നിയമപോരാട്ടം നടക്കുമ്പോഴും അടുത്തഘട്ട സമരപരിപാടികളിലേക്ക് കടക്കുകയാണ് എംപാനല്‍ കൂട്ടായ്മ. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഏകദേശം 3,861 കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രിംകോടതിയില്‍ എംപാനലുകാര്‍ ഹരജി നല്‍കിയിട്ടുണ്ട്.

ലോങ് മാര്‍ച്ചുള്‍പ്പെടെ നടത്തിയിട്ടും സര്‍ക്കാരും തൊഴിലാളി സംഘടനകളും ഒറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയിലെ യൂനിയനുകള്‍ ആത്മാര്‍ഥമായ സമീപനമല്ല സ്വീകരിക്കുന്നത്. പലരും ഇനിയൊരു സര്‍ക്കാര്‍ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. ഈ സാഹച്യത്തില്‍ പിരിച്ചുവിടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.


Tags:    

Similar News