മഥുര ഈദ് ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 'കൃഷ്ണ ഭക്തർ' കോടതിയിൽ

1989 ൽ രാം ലല്ല വിർജമാന്റെ പേരിൽ നൽകിയ സിവിൽ കേസാണ് പിന്നീട് ബാബരി വിധിയിലേക്ക് എത്തിയത്. സമാന രീതിയിൽ തന്നെയാണ് ഈദ്​ഗാഹ് മസ്ജിദ് നിലനിൽക്കുന്ന ഭൂമിയുടെ പേരിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Update: 2020-09-26 13:01 GMT

മഥുര: മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 'കൃഷ്ണ ഭക്തർ' കോടതിയിൽ. ബാബരി കേസിലെ സുപ്രിംകോടതി വിധി വന്ന് ഒരു വർഷമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. മഥുരയിലെ മസ്ജിദ് കൂടി നിലകൊള്ളുന്ന 13.37 ഏക്കർ ' കൃഷ്ണ ജന്മഭൂമി' യുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് മഥുര കോടതിയിലാണ് സിവിൽ കേസ് ഫയൽ ചെയ്തത്. കൃഷ്ണ വിരാജ്മന്റെ പേരിലാണ് ഹരജി.

കത്ര കേശവ് ദേവിന്റെ ഓരോ ഇഞ്ച് ഭൂമിയും ശ്രീകൃഷ്ണന്റെയും ഹിന്ദു സമൂഹത്തിന്റെയും ഭക്തർക്ക് പവിത്രമാണെന്ന് സ്യൂട്ടിൽ പറയുന്നു. ശ്രീകൃഷ്ണൻ ജനിച്ച സ്ഥലമായ കംസ രാജാവിന്റെ തടവറ ഉൾക്കൊള്ളുന്ന പ്രദേശമാണ് 'കത്ര കേശവ് ദേവ്' എന്ന് അറിയപ്പെടുന്നതെന്നും യഥാർത്ഥ ജനന സ്ഥലം നിലവിലുള്ള ക്ഷേത്രത്തിന് താഴെയാണെന്നും ഹരജിയിൽ പറയുന്നു.

മഥുരയിലെ കൃഷ്ണ ക്ഷേത്രം തകർത്തത് മുഗൾ ആക്രമണകാരിയായ ഔറംഗസീബാണെന്ന് ഹരജിയിൽ പറയുന്നു. ഔറംഗസീബ് രാജ്യം ഭരിച്ച 1669-70 ൽ 'കത്ര കേശവ് ദേവി'ലെ ശ്രീകൃഷ്ണ ജന്മസ്ഥലത്ത് നിൽക്കുന്ന ക്ഷേത്രം തകർക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഹരജിയിൽ ആരോപിക്കുന്നു.

കത്ര കേശവ് ദേവിലെ കൃഷ്ണ ഭക്തർ എന്ന് അവകാശ പ്പെട്ടാണ് രഞ്ജന അഗ്‌നിഹോത്രിയും മറ്റു ആറുപേരും ചേര്‍ന്ന് സിവില്‍ കേസ് ഫയല്‍ ചെയ്തത്. അഭിഭാഷകരായ ഹരിശങ്കര്‍ ജയിന്‍, വിഷ്ണു ജയിന്‍ എന്നിവർ നൽകിയ ഹരജിയിൽ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് ട്രസ്റ്റുമാണ് കക്ഷികൾ.

1989 ൽ രാം ലല്ല വിരാജ്മാന്റെ പേരിൽ നൽകിയ സിവിൽ കേസാണ് പിന്നീട് ബാബരി വിധിയിലേക്ക് എത്തിയത്. സമാന രീതിയിൽ തന്നെയാണ് ഈദ്​ഗാഹ് മസ്ജിദ് നിലനിൽക്കുന്ന ഭൂമിയുടെ പേരിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് ശ്രീ കൃഷ്ണ വിരാജ്മാന്റെ പേരിൽ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Similar News