സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട്; കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സി കെ ശ്രീധരന്‍ സിപിഎമ്മിലേക്ക്

Update: 2022-11-15 06:24 GMT

കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ വൈസ് പ്രസിഡന്റുമായ സി കെ ശ്രീധരന്‍ പാര്‍ട്ടി വിടുന്നു. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ശ്രീധരന്‍ പാര്‍ട്ടി വിടുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. നവംബര്‍ 17ന് വാര്‍ത്തസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കും. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവായ ശ്രീധരന്‍ ഇനി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയമായ കാരണങ്ങളും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചുമാണ് രാജിയെന്ന് സികെ ശ്രീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചു. ഈ മാസം 19 ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാവും സി കെ ശ്രീധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. രാജ്യത്ത് ഫാഷിസത്തിനെതിരേ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. തന്നോടൊപ്പം പ്രവര്‍ത്തകരുമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വം വിശദീകരിക്കും. രാഷ്ട്രീയമാറ്റത്തിന് കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്. വിശദമായ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയും. സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങളും ഒരു കാരണമാണ്.

കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകള്‍ ശരിയല്ല. രാജ്യത്തിന്റെയും നമ്മുടെ സംസ്ഥാനത്തിന്റെയും താല്‍പ്പര്യം പരിഗണിച്ച് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് നിലപാടുകള്‍ എത്രത്തോളം ശരിയല്ലെന്ന് മനസ്സിലാവും. അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ നേതൃത്വം നടത്തിയിരുന്നു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. അടുത്തിടെ സി കെ ശ്രീധരന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോവുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു.

അപ്പോഴൊന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസോ ശ്രീധരനോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. മുമ്പ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സി കെ ശ്രീധരന്‍. 1977 ന് ശേഷമാണ് ഇദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. 1991 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇ കെ നായനാര്‍ക്കെതിരേ ഇദ്ദേഹം മല്‍സരിച്ചിട്ടുണ്ട്. അന്ന് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

Tags:    

Similar News