കൊവിഡ് നിരീക്ഷണത്തിനിടെ മുങ്ങിയ സബ് കലക്ടറെ സസ്‌പെന്റ് ചെയ്തു

Update: 2020-03-27 11:08 GMT

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കലക്ടര്‍ അനുപം മിശ്രയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. നേരത്തേ, കൊല്ലം ജില്ലാ കലക്ടറുടെ റിപോര്‍ട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സബ് കലക്ടര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയോടെയാണ് കലക്ടര്‍ ബി അബ്ദുന്നാസിര്‍ സമര്‍പ്പിച്ച റിപോര്‍ട്ട് മന്ത്രി കൈമാറിയിരുന്നത്. വിദേശത്തു നിന്നു മടങ്ങിയെത്തി നിരീക്ഷണത്തിലിരിക്കെയാണ് സബ്കലക്ടര്‍ അനുപം മിശ്ര മുങ്ങിയത്.

    19ാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ച് സബ്കലക്ടറുടെ മറുപടി ലഭിച്ചത്. ജില്ലാ കലക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.

    വിവാഹത്തിനായി നാട്ടിലേക്കു പോയ സബ് കലക്ടര്‍ കഴിഞ്ഞ 18നാണു കൊല്ലത്ത് തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. കൊല്ലത്ത് സബ് കലക്ടറുടെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോടും ഗണ്‍മാനോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ച് സ്വദേശമായ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് മുങ്ങുകയായിരുന്നു. ഇവിടെ പരിചയക്കാരില്ലാത്തതിനാലും ഭാഷ വശമില്ലാത്തതിനാലും ബെംഗളൂരുവിലേക്ക് പോയെന്നാണ് കലക്ടര്‍ക്കു നല്‍കിയ വിശദീകരണം. എന്നാല്‍ ഔദ്യോഗിക നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കാണ്‍പൂരിലാണെന്ന് വ്യക്തമായത്. സംഭവത്തില്‍ അനുപം മിശ്രയ്‌ക്കെതിരേ കേസെടുത്തിരുന്നു.


Tags:    

Similar News