ഇതര മതസ്ഥയായ സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ബിഎംഎസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2022-04-22 12:43 GMT

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഇതര മതസ്ഥയായ സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഇന്നലെ ഉച്ചയോടെ നഗരത്തിലെ ഒരു സിനിമാ തിയേറ്ററില്‍ സിനിമ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമം നടന്നത്. സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസെടുത്ത പോലിസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബിഎംഎസ് പ്രവര്‍ത്തകരായ വിദ്യാനഗറിലെ പ്രശാന്ത്(26), അണങ്കൂര്‍ ജെ പി നഗറിലെ പ്രദീപ്(37), ശശിധരന്‍(37), നെല്ലിക്കാമൂലയിലെ വിനോദ്കുമാര്‍(40), ദേവീനഗര്‍ പള്ളിത്തറ ഹൗസിലെ നാഗേഷ്(33) എന്നിവരെയാണ് കാസര്‍കോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട് നഗരത്തിന് പുറത്തെ ഒരു പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും സഹപാഠിയായ വിദ്യാര്‍ത്ഥിനിയും നഗരത്തില്‍ എത്തിയതായിരുന്നു. ബ്ലോക്ക് ഓഫിസിന് സമീപത്തെ സിനിമാ തിയേറ്ററിലേക്ക് ഇരുവരും കയറിയെങ്കിലും സിനിമയ്ക്ക് ടിക്കറ്റില്ലെന്ന് അറിയിച്ചതോടെ ഇവിടെ നിന്ന് മടങ്ങി കെപിആര്‍ റാവു റോഡിന് സമീപത്ത് എത്തിയതായിരുന്നു. ഇതിനിടയിലാണ് അഞ്ചംഗസംഘം എത്തി വിദ്യാര്‍ത്ഥികളെ തടഞ്ഞ് കൈയ്യേറ്റം ചെയ്തത്.

ഇതിനിടയില്‍ ആരോ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസെത്തി ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ചു വിശദമായി ചോദ്യം ചെയ്‌തെങ്കിലും വിദ്യാര്‍ത്ഥി പരാതിയില്ലെന്നറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ ഗൗരവും കണക്കിലെടുത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മംഗലാപുരത്തിന് സമാനമായി കാസര്‍കോട്ടും ഹിന്ദുത്വരുടെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം തളങ്കരയില്‍ സഹപാഠികള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു പ്രതി അറസ്റ്റിലായിട്ടുണ്ട്. സദാചാര പോലിസ് ചമഞ്ഞ് അക്രമിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും പോലിസ് അറിയിച്ചു.

Tags: