സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അറിയേണ്ടതെല്ലാം

തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.

Update: 2021-04-27 04:01 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.

50 പേര്‍ക്ക് മാത്രമാകും ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും പ്രവേശനാനുമതി. മരണാനന്തര ചടങ്ങില്‍ പരമാവധി 20 പേര്‍ക്കാണ് പങ്കെടുക്കാനാവുക. വാരാന്ത്യ നിയന്ത്രണവും സംസ്ഥാനത്ത് തുടരും. കടകള്‍ രാത്രി ഏഴര വരെ മാത്രമാവും. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്‌സലുകള്‍ അനുവദിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും വിലക്കില്ല. ഒരുതരത്തിലുമുള്ള പൊതുപരിപാടികളോ ഒത്തുചേരലുകളോ നടത്താന്‍ പാടില്ല.

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബാറുകള്‍ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ വില്‍പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്‌കോ എംഡി അറിയിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളാണ് ഇനി എറണാകുളത്തും നടപ്പിലാക്കുക.

Tags: