ജനങ്ങള്‍ക്ക് തങ്ങളോടുള്ള സ്‌നേഹം കണ്ട് ദീദി ഭയപ്പെടുന്നു: മമതയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മോദി

ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം കണ്ട് അവര്‍ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതെന്നും മോഡി കുറ്റപ്പെടുത്തി.

Update: 2019-02-02 18:04 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ ബിജെപിയോട് കാണിക്കുന്ന സ്‌നേഹം കണ്ട് മമത ബാനര്‍ജി ഭയപ്പെടുന്നതായി മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ താക്കൂര്‍ നഗറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.എന്തിനാണ് 'ദീദി'യും അവരുടെ പാര്‍ട്ടിയും ബിജെപിയ്‌ക്കെതിരെ അക്രമം ആസൂത്രണം ചെയ്യുന്നതെന്ന് മനസ്സിലാവുന്നുണ്ട്. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം കണ്ട് അവര്‍ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതെന്നും മോഡി കുറ്റപ്പെടുത്തി.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം നല്‍കി ദരിദ്രരായ കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചത. പക്ഷെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക വായ്പകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. ഇതിനെതിരെയാണ് മോഡിയുടെ പ്രതികരണം.

Tags: