ശ്രീറാം നിയമന വിവാദം; ഹിന്ദുത്വ വിദ്വേഷ പ്രചാരണം കണ്ടില്ലെന്ന് നടിച്ച് പോലിസും സര്‍ക്കാരും

Update: 2022-08-04 03:54 GMT

പിസി അബ്ദുല്ല

കോഴിക്കോട്: മരിച്ചത് മുസ്‌ലിമും പ്രതിസ്ഥാനത്ത് ഹിന്ദുവുമായതുകൊണ്ടുമാണ് ശ്രീറാം വെങ്കിട്ട രാമന്റെ നിയമനത്തിനെതിരേ കേരളത്തില്‍ പ്രതിഷേധമുയര്‍ന്നതെന്നും മുസ്‌ലിം സമുദായം സര്‍ക്കാരിനെ ബന്ദിയാക്കിയാണ് ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതെന്നുമുള്ള ഹിന്ദുത്വരുടെ പച്ചയായ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ നടപടിയെടുക്കാതെ സര്‍ക്കാരും പോലിസും. ശ്രീറാം വെങ്കിട്ട രാമനെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള തീവ്ര സംഘടനകള്‍ വിഷയത്തില്‍ കടുത്ത വിദ്രേഷ പ്രചാരണങ്ങല്‍ ആരംഭിച്ചത്. ആര്‍ വി ബാബു അടക്കമുള്ളവര്‍ രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലയിലേക്ക് വിവാദം വഴി തിരിച്ചു വിടുമ്പോള്‍ ശ്രീറാമിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ മൗനത്തിലാണ്.

ആര്‍എസ്എസിന്റെ മുഖപ്പത്രമായ ഓര്‍ഗനൈസറിന്റെ ഔദ്യോഗിക ട്വീറ്റില്‍ ശ്രീറാമിനെതിരായ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രതിഷേധത്തെ ഹിന്ദു വിരുദ്ധ പ്രക്ഷോഭമായി ചിത്രീകരിച്ചിരുന്നു.

'ഹിന്ദു ബ്രാഹ്മണനായ പുതിയ ഐഎഎസ് കളക്ടറെ നിയമിച്ചതിനെതിരെ കേരള മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ പ്രകടനം നടത്തുന്നു' എന്നാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ കളക്ട്രേറ്റ് മാര്‍ച്ചിന്റെ വീഡിയോ പങ്കുവെച്ച് ഓര്‍ഗനൈസര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഓര്‍ഗനൈസറിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ആ വീഡിയോ പിന്‍വലിച്ചിരുന്നു.

ഓര്‍ഗനൈസര്‍ വിദ്വേഷത്തിന്റെ വിത്തു പാകി കളം വിട്ടതിനു പിന്നാലെയാണ് ഹിന്ദുത്വരും കാസയടക്കമുള്ള ക്രിസ്ത്യന്‍ തീവ്ര വിദ്വേഷ ഗ്രൂപ്പുകളും ശ്രീറാം വിഷയം ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കി രംഗത്തു വന്നത്.

മരിച്ചത് മുസ്‌ലിമും പ്രതിസ്ഥാനത്ത് ഹിന്ദുവായതുകൊണ്ടുമാണ് ശ്രീറാമിന്റെ നിയമനത്തില്‍ പ്രതിഷേധമുണ്ടായതെന്ന പ്രചാരണത്തിനപ്പുറം, കെഎം ബഷീറിന്റെ ഭാര്യക്ക് ജോലി നല്‍കിയതും മറ്റും മുസ്‌ലിം പ്രീണനമായി ചിത്രീകരിച്ചാണ് ഹിന്ദു ഐക്യ വേദിയും കാസയും മറ്റും ഇപ്പോള്‍ പ്രചാരണം നടത്തുന്നത്.

മീഡിയ വണ്‍ ചനലിലെ ഇന്നലത്തെ ചര്‍ച്ചയില്‍ കടുത്ത വിദ്വേഷമാണ് ആര്‍ വി ബാബുവിന്റെ വാക്കുകളില്‍ മറനീങ്ങിയത്.

പ്രദീപ് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ബഹളമുണ്ടായില്ല. ശ്രീറാം കളക്ടര്‍ ആകുമ്പോള്‍ എന്താണിത്ര വിഷമം. ഒരു മതത്തിന്റെ സംഘടിത ശക്തി ഉപയോഗിച്ച് സമരം ചെയ്യുന്നതെന്തിനാണ്. ബഷീറിനെ കൊലപ്പെടുത്തിയത് മതത്തിന്റെ പേരിലായിരുന്നോ.

അമ്പതിനായിരം പേരെ സംഘടിപ്പിച്ച് സര്‍ക്കാരിനെ ബന്ദിയാക്കി തീരുമാനം മാറ്റാമെന്നാണോ വിചാരിക്കുന്നത് എന്നിങ്ങനെയായിരുന്നു ആര്‍.വി. ബാബുവിന്റെ പരാമര്‍ശങ്ങള്‍.

നരഹത്യാ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറായി നിയമിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയരുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ആ വികാരം ഉള്‍കൊണ്ടില്ല. വ്യാപക പ്രതിഷേധങ്ങള്‍ അവഗണിച്ച് ശ്രീറാമിന് കലക്ടറായി ചുമതലയേല്‍ക്കാന്‍ സൗകര്യമൊരുക്കുകയും മൂന്നാം നാള്‍ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തതോടെ പ്രശ്‌നത്തില്‍ വര്‍ഗീയ മുതലെടുപ്പിന് അവസരമൊരുക്കുകയാണ് വാസ്തവത്തില്‍ സര്‍ക്കാര്‍ ചെയ്തത്. വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ വിദ്വേഷ സംഘടനകള്‍ക്ക് കുട പിടിക്കുകയുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

Tags:    

Similar News