ക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ ആഹ്വാനം അപലപനീയം: എസ്ഡിപിഐ

Update: 2022-05-17 17:37 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാനത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുംബെ ശക്തമായി അപലപിച്ചു. ദിനംപ്രതി ആയിരക്കണക്കിന് ഹിന്ദുക്കളെ കബളിപ്പിച്ച് ക്രിസ്ത്യാനികളാക്കി മാറ്റുന്നുണ്ടെന്നും ഇത് തടയാന്‍ അനധികൃത പള്ളികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നുമാണ് മുത്തലിക്ക് പറഞ്ഞത്. സംസ്ഥാനത്തുടനീളമുള്ള അനധികൃത പള്ളികളുടെ പട്ടിക താന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവ പൊളിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തുടനീളമുള്ള മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന് ശ്രീരാമസേന അന്ത്യശാസനം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് 'അനധികൃതമായി നിര്‍മിച്ച' പള്ളികള്‍ 'ബുള്‍ഡോസ്' ചെയ്യുമെന്ന ഭീഷണി. കഴിഞ്ഞ ആഴ്ച, ശ്രീരാമ സേനാംഗങ്ങള്‍ മൈസൂരുവില്‍ അതിരാവിലെ സുപ്രഭാതം (ഹിന്ദു പ്രഭാത മന്ത്രം) സെഷനുകള്‍ സംഘടിപ്പിച്ചിരുന്നു. മസ്ജിദുകളില്‍ ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുക, സ്ഥലങ്ങളും സ്മാരകങ്ങളും നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുക തുടങ്ങിയ പ്രക്രിയകള്‍ സമകാലിക ഇന്ത്യയില്‍ വാര്‍ത്താ മൂല്യം നഷ്ടപ്പെടുത്തിയെങ്കിലും വലതുപക്ഷ തീവ്രവാദികളുടെ ഇത്തരം ശ്രമങ്ങള്‍ നാം തിരിച്ചറിയണം. അത്യന്തം അപകടകരവും അത് വര്‍ഗീയ ധ്രുവീകരണത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും. 2014, കേന്ദ്രത്തില്‍ ഫാഷിസ്റ്റുകളുടെ അധികാരാരോഹണ വര്‍ഷം വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികളുടെ ക്രൂരമായ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച വര്‍ഷമാണ്. അതിനുശേഷം, രാജ്യത്തെ ഹിന്ദു ഇതര മതവിഭാഗങ്ങള്‍ക്കെതിരെ ഫാഷിസ്റ്റ് ശക്തികളുടെ വര്‍ഗീയ ധ്രുവീകരണ ആഹ്വാനങ്ങളും പ്രസ്താവനകളും പ്രവൃത്തികളും ഇല്ലാതെ ഒരുദിവസം പോലും കടന്നുപോയിട്ടില്ല.

ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ തടയുകയും രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും സമാധാനപരമായ സഹവര്‍ത്തിത്വവും സംരക്ഷണവും ഉറപ്പാക്കുകയും ചെയ്യേണ്ട സര്‍ക്കാര്‍ ഈ സാമൂഹിക വിരുദ്ധര്‍ക്ക് പൂര്‍ണ പിന്തുണയും സംരക്ഷണവും നല്‍കുന്നു എന്നതാണ് ഈ വിഷലിപ്തമായ വര്‍ഗീയ പ്രവൃത്തികളുടെ സങ്കടകരമായ ഭാഗം. ആലസ്യത്തില്‍ നിന്ന് ഉണര്‍ന്ന് ഫാഷിസ്റ്റുകളെ ചെറുക്കാത്തപക്ഷം രാജ്യത്തിന്റെ മതേതര ഘടന നഷ്ടപ്പെടുമെന്നും പരസ്പര സ്‌നേഹത്തിന്റെ സ്ഥാനത്ത് പരസ്പര ശത്രുതയുടെ അന്തരീക്ഷമുണ്ടാവുമെന്നും മുഹമ്മദ് ഇല്യാസ് തുംബെ ഓര്‍മിപ്പിച്ചു.

Tags: