ശ്രീലങ്കയില്‍ അതീവ ജാഗ്രത; പ്രധാന കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം; കൂടുതല്‍ പേര്‍ പിടിയില്‍
തലസ്ഥാനമായ കൊളംബോയിലെ സെന്‍ട്രല്‍ ബാങ്കിലേക്കുള്ള പ്രവേശനം നിശ്ചിത കാലത്തേക്ക് കര്‍ശനമായി നിയന്ത്രിച്ചു. വ്യാഴാഴ്ച്ചയുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചു.

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കവേ ശ്രീലങ്ക ദേശീയ തലത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. തലസ്ഥാനമായ കൊളംബോയിലെ സെന്‍ട്രല്‍ ബാങ്കിലേക്കുള്ള പ്രവേശനം നിശ്ചിത കാലത്തേക്ക് കര്‍ശനമായി നിയന്ത്രിച്ചു. വ്യാഴാഴ്ച്ചയുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചു.
ഞായറാഴ്ച്ചത്തെ സ്‌ഫോടനത്തില്‍ ഉപയോഗിച്ചതെന്നു കരുതുന്ന ഒമ്പതു വാഹനങ്ങളെക്കുറിച്ച് പോലിസ് ദേശവ്യാപക ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത ആശങ്കയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും നാവിക, വ്യോമ സൈനികരെ ഉള്‍പ്പെടെ തെരുവുകളില്‍ പട്രോളിങിന് നിയോഗിച്ചതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
കൊളംബോയിലെ മിക്ക റോഡുകളിലും പ്രത്യേക ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നതായി പോലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപോര്‍ട്ടുള്ളതിനാല്‍ കടുത്ത ജാഗ്രതയിലാണ് അധികൃതര്‍. തലസ്ഥാനത്തിന് കിഴക്ക് ഇന്നുണ്ടായ ചെറു സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലിസ് അറിയിച്ചു.
ചര്‍ച്ചുകള്‍ അടച്ചിട്ടു
അതേ സമയം, സുരക്ഷ ഉറപ്പുവരും വരെ രാജ്യത്തെ എല്ലാ കത്തോലിക്കാ ചര്‍ച്ചുകളും അടച്ചിടാന്‍ തീരുമാനിച്ചു. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെയും കൊളംബോയിലെ ബിഷപ്പ് ഹൗസുകളുടെയും സുരക്ഷ വര്‍ധിപ്പിച്ചു.
അന്വേഷണത്തിന് വിദേശ സഹായം
ബ്രിട്ടന്റെ സ്‌കോട്ട്‌ലന്റ് യാര്‍ഡ്, അമേരിക്കയുടെ എഫ്ബിഐ, ന്യൂസിലന്റ് പോലിസ്, ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലിസ്, ഡാനിഷ് പോലിസ്, ഡച്ച പോലിസ്, ഇന്റര്‍പോള്‍ തുടങ്ങിയ വിദേശ ഏജന്‍സികള്‍ ശ്രീലങ്കന്‍ പോലിസിന്റെ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. വ്യാഴാഴ്ച്ച 16 പേരെ കൂടി ചോദ്യം ചെയ്യാന്‍ പിടികൂടിയതായി പോലിസ് അറിയിച്ചു. ഇതോടെ ഞായറാഴ്ച്ച മുതല്‍ അറസ്റ്റിലായവരുടെ എണ്ണം 76 ആയി.
സ്‌ഫോടനം നടത്തിയവരില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു
സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചെത്തി ആക്രമണം നടത്തിയ ഒമ്പതു പേരില്‍ എട്ടുപേരെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. ഒരു വനിതയും ഇവരില്‍ ഉള്‍പ്പെടും. നാഷനല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഐഎസ്‌ഐഎസും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയെന്നവകാശപ്പെടുന്ന എട്ടു പേര്‍ ഉള്‍പ്പെടുന്ന വീഡിയോയും ഇവര്‍ പുറത്തുവിട്ടു. ഇതില്‍ ഒരാള്‍ ഒഴിച്ച് ബാക്കി എല്ലാവരും മുഖംമറച്ചിട്ടുണ്ട്. എന്നാല്‍, അവകാശവാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല.
കിഴക്കന്‍ ശ്രീലങ്കയില്‍ മതപ്രഭാഷകനായ മുഹമ്മദ് സഹ്‌റാന്‍ ആണ് മുഖം വെളിപ്പെടുത്തിയിട്ടുള്ള ആള്‍. ഇയാളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
വിദേശികള്‍ പിടിയില്‍
അതേ സമയം, വിസാ കാലാവധി കഴിഞ്ഞ രാജ്യത്ത് തങ്ങിയ ഈജിപ്ത്, പാകിസ്താന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ പോലിസ് പിടികൂടി.
മുസ്ലിംകള്‍ പലായനം ചെയ്യുന്നു
അതിനിടെ, നെഗോംബോ മേഖലയിലുള്ള മുസ്ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. തിരിച്ചടി ഭീഷണിയെ തുടര്‍ന്നാണ് പലായനം. പലരുടെയും വീടുകള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായിരുന്നു.
ചര്‍ച്ചുകള്‍ക്കു നേരെ നടന്ന ആക്രമണം മാര്‍ച്ച് 15ന് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണത്തിന് പ്രതികാരമാണെന്ന് ശ്രീലങ്കന്‍ അധികര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതിനെ പിന്തുണക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡെന്‍ പറഞ്ഞു.