മുസ്‌ലിം സമുദായത്തിനെതിരേ മതവിദ്വേഷം പ്രചരിപ്പിക്കല്‍; 'കാസാ'യ്‌ക്കെതിരേ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി പോപുലര്‍ ഫ്രണ്ട്

പരാതി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന പോലിസ് മേധാവിക്ക് കൈമാറിയതായി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം പി പ്രിയമോള്‍ ഒപ്പുവച്ച കത്തില്‍ അറിയിച്ചു.

Update: 2021-10-14 12:57 GMT

കോഴിക്കോട്: 'ലൗ ജിഹാദി'ന്റെ മറവില്‍ മുസ്‌ലിം സമുദായത്തിനെതിരേ മതവിദ്വേഷം പരത്തുന്നതും വര്‍ഗീയ കലാപം ലക്ഷ്യമിട്ടും പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ അനുകൂല സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷനെ (കാസാ) തിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശി കെ സജീറാണ് ക്രിസ്ത്യന്‍ സംഘടനയ്‌ക്കെതിരേ ഉചിതമായ നിയമനടപടിയാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. പരാതി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന പോലിസ് മേധാവിക്ക് കൈമാറിയതായി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം പി പ്രിയമോള്‍ ഒപ്പുവച്ച കത്തില്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ കെവിന്‍ പീറ്റര്‍ പ്രസിഡന്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിസ്ത്യന്‍ സംഘടനയായ കാസാ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായും ക്രിസ്തീയ സമൂഹത്തിന്റെ രക്ഷയ്ക്കായും പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജേന മുസ്‌ലിം സമൂഹത്തിനെ പൊതുവായും മുസ്‌ലിം മതസംഘടനകളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും പ്രതിക്കൂട്ടിലാക്കി യൂ ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍വഴി നിരന്തരമായി മതേതര കേരളത്തിന് ഗുണകരമല്ലാത്ത രീതിയില്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇപ്പോഴും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

മതവിദ്വേഷം പരത്തുന്നതും വര്‍ഗീയകലാപവും വിവിധ മതവിഭാഗങ്ങളെ തമ്മില്‍ തല്ലിക്കാനും ലക്ഷ്യമിടുന്നതും മതേതര കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തുന്നതുമാ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. എന്നാല്‍, പോലിസ് ഐടി സെല്ലും സംസ്ഥാന പോലിസ് സംവിധാനവും ഇത്തരം വിഷയങ്ങളില്‍ കാര്യക്ഷമമായും ഇടപെട്ടില്ലെങ്കില്‍ മതേതര കേരളമെന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു- പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമൂഹത്തെയും മുസ്‌ലിം യുവാക്കളെയും യുവതികളെയും പ്രതിക്കൂട്ടിലാക്കി പഴകിപ്പുളിച്ച 'ലൗ ജിഹാദ്' വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും അതിലൂടെ മുസ്‌ലിം- ക്രിസ്ത്യന്‍ മതജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

ഹൈക്കോടതിയും സുപ്രിംകോടതിയും വിവിധ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളും തീര്‍പ്പുകല്‍പ്പിച്ച വിഷയമാണ് 'ലൗ ജിഹാദ്'. അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ മുസ്‌ലിം സമൂഹത്തെ വേട്ടയാടുന്നതിന്റെ ഉദ്ദേശശുദ്ധി അങ്ങേയ്ക്ക് ബോധ്യപ്പെടുമല്ലോ. പ്രസ്തുത സംഘടനയും അതിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും ചെയ്യുന്നത് കോടതിയലക്ഷ്യവും മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കലുമാണ്. ഇവര്‍ നിയമനടപടി നേരിടേണ്ടിവരാത്തതിനാല്‍ കൂടുതല്‍ കൗശലത്തോടെ അവരുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണെന്ന് പരാതിയില്‍ ഓര്‍മിപ്പിക്കുന്നു.

പ്രവാചകനായ മുഹമ്മദ് നബിയുടെ പേരില്‍ 'മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍' എന്ന പേരില്‍ ടെലിഫിലിമിന്റെ പ്രവര്‍ത്തനം അണിയറയില്‍ നടക്കുകയാണ്. പ്രസ്തുത സിനിമ 94/95 വര്‍ഷത്തില്‍ അസമില്‍ നടന്ന പോക്‌സോ കേസിന്റെ ചുവടുപിടിച്ച് 27 വര്‍ഷത്തിനുശേഷം ഇങ്ങനെ ഒരു ടെലിഫിലിം സൃഷ്ടിക്കുന്നത് മുസ്‌ലിം സമുദായത്തെയും ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെയും മുഹമ്മദ് നബിയെയും അവഹേളിക്കാനും വര്‍ഗീയകലാപം ലക്ഷ്യമിടാനുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: