കൊവിഡ് രോഗവ്യാപനം: കണ്ണൂര്‍- കാസര്‍കോഡ് അതിര്‍ത്തി പാലങ്ങളും ഇടറോഡുകളും അടച്ചു; ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം

കര്‍ണാടകത്തില്‍ നിന്നും അതിര്‍ത്തി കടന്ന് കൂടുതല്‍ പേര്‍ എത്തുന്നത് നിയന്ത്രിക്കാനാണ് കാസര്‍കോഡുവഴിയുള്ള ഇടറോഡുകളും പാലങ്ങളും ജില്ലാ ഭരണകൂടം അടച്ചത്.

Update: 2020-07-17 09:34 GMT

കണ്ണൂര്‍: കാസര്‍കോഡ് കോഴിക്കോട് ജില്ലകളില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ ഇടറോഡുകളും പാലങ്ങളും അടച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടം. ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ദേശീയ പാതയില്‍ ഗതാഗതം പരിമിതപ്പെടുത്തി. സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള നാല് പോലിസ് സ്റ്റേഷന്‍ പരിധികള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കര്‍ണാടകത്തില്‍ നിന്നും അതിര്‍ത്തി കടന്ന് കൂടുതല്‍ പേര്‍ എത്തുന്നത് നിയന്ത്രിക്കാനാണ് കാസര്‍കോഡുവഴിയുള്ള ഇടറോഡുകളും പാലങ്ങളും ജില്ലാ ഭരണകൂടം അടച്ചത്. കണ്ണൂര്‍ ജില്ലയിലെ ഒളവര, കാര, തലിച്ചാലം എന്നീ പാലങ്ങളാണ് അടച്ചത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലാ ഭരണകൂടം പൊതുഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

ചെറുപുഴ പോലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിക്കല്‍ പാലവയല്‍, കമ്പല്ലൂര്‍, നെടുങ്കല്ല് പാലങ്ങളും ചെറുപുഴ ചെക്കുഡാമുമാണ് അടച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേ വഴി സര്‍വീസ് നടത്തുന്ന ബസ്സുകളും ചെറുപുഴവരെ മാത്രമാണ് ഓടുന്നത്. കണ്ണൂര്‍ കാസര്‍കോഡ് അതിര്‍ത്തി വഴിയുള്ള ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും കാലിക്കടവില്‍ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ച് പോലിസ് പരിശോധന കര്‍ശനമാക്കി.

കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന മോന്താല്‍, കാഞ്ഞിരക്കടവ് പാലങ്ങളും ഇടറോഡുകളും അടച്ചു. പെരിങ്ങത്തൂര്‍ വഴി അത്യാവശ്യമുള്ള യാത്രക്കാരെ മാത്രം കടത്തിവിടും. മാഹി വഴിയും കര്‍ശന പരിശോധ ഉണ്ടാകും. ഇന്നലെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച സാഹര്യത്തില്‍ പാനൂര്‍ നഗരസഭയും കുന്നോത്ത്പറമ്പ് പഞ്ചായത്തും കണ്ടെയിന്‍മെന്റ് സോണാക്കി. കൂത്ത് പറമ്പ്, ന്യൂമാറി ചൊക്ലി, സ്റ്റേഷന്‍ പരിധികളിലും കനത്ത നിയന്ത്രണം ഉണ്ടാകും. തൂണേരിയിലെ മരണവീട്ടില്‍ വന്ന ആളില്‍ നിന്നുള്ള സമ്പര്‍ക്ക രോഗി വഴിയാണോ കുന്നോത്ത് പറമ്പിലുള്ളവര്‍ക്ക് രോഗം പടര്‍ന്നത് എന്ന് സംശയം ആരോഗ്യ വകുപ്പിനുണ്ട്. കുന്നോത്ത് പറമ്പില്‍ കൂടുതല്‍ പേരില്‍ കൊവിഡ് പരിശോധന നടത്തും.


Tags: