'ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല'; വിഡിയോയുമായി സ്പീക്കര്‍ (വീഡിയോ)

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.

Update: 2021-04-09 18:20 GMT

തിരുവനന്തപുരം: ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തിലെ വ്യാജ പ്രചാരണം നടത്തിയ പേരുവെളിപ്പെടുത്താത്ത വ്യക്തിക്കെതിരേ ഫേസ്ബുക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.

ഏത് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലും ഹാജരാകുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. രക്തദാഹികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നും അദ്ദേഹം വിഡിയോയില്‍ എടുത്തുപറഞ്ഞു. തന്റെ കുടുംബം തകരുകയോ, താന്‍ ആത്മഹത്യ ചെയ്യേണ്ടതോ ആയ കാര്യമില്ല

ഏത് അന്വേഷണ ഏജന്‍സിയുടെ മുന്‍പിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്. അവര്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ ചിട്ടവട്ടങ്ങള്‍ കീഴ് വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാര്‍ഥ്യമാക്കുന്നതില്‍ ഒരു തടസ്സവുമില്ല. എന്നാല്‍ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ തന്റെ മരണം പ്രതീക്ഷിക്കുന്ന, മരണം ആഗ്രഹിക്കുന്ന തരത്തിലെ പ്രചാരണം നടക്കുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ, ആക്രമണമായി താന്‍ അതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാന്‍ പറയുന്നു, നിങ്ങള്‍ അതില്‍ പരാജയപ്പെടും, എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വേരിലുമാണ് താന്‍ നില്‍ക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ 11 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിരുന്നത്. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.


Full View

Tags:    

Similar News