തിരഞ്ഞെടുപ്പിനിടെ ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥിയെ വീട്ടുതടങ്കലിലാക്കി; ബിജെപി നിര്‍ദേശപ്രകാരമെന്ന് എസ്പിയും കോണ്‍ഗ്രസും(വീഡിയോ)

Update: 2024-05-25 10:21 GMT

ലഖ്‌നോ: ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ യുപിയിലെ ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥിയെ പോലിസ് വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. എസ്പിയുടെ അംബേദ്കര്‍ നഗര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ലാല്‍ജി വര്‍മയെയാണ് വീട്ടുതടങ്കലിലാക്കിയതെന്ന് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ആരോപിച്ചു. ഭരണകക്ഷിയായ ബിജെപിയുടെ നിര്‍ദേശപ്രകാരമാണിതെന്നാണ് ആരോപണം. ആരോപണങ്ങളോട് പ്രതികരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല. എസ്പി സ്ഥാനാര്‍ത്ഥിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അംബേദ്കര്‍ നഗര്‍ ഭരണകൂടം തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപിച്ച് എസ്പി നേതാവ് അരവിന്ദ് കുമാര്‍ സിംഗ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് കത്തയച്ചു. ന്യായമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


വര്‍മയുടെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തിയെന്ന് എസ്പി മേധാവി അഖിലേഷ് യാദവ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 'എന്നാല്‍ പോലിസിന് ഒന്നും കണ്ടെത്താനായില്ല. ഇത് ലാല്‍ജി വര്‍മ്മയുടെ സത്യസന്ധമായ പ്രതിച്ഛായ തകര്‍ക്കാനുള്ള ദുഷ്പ്രവൃത്തിയാണ്. അങ്ങേയറ്റം അപലപനീയമാണ്! ഇത് പരാജയപ്പെട്ട ബിജെപിയുടെ നിരാശയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബിജെപി സര്‍ക്കാരും തോല്‍വി ഭയം കാരണം സ്വേച്ഛാധിപത്യത്തിലേക്ക് പരസ്യമായി അവലംബിച്ചിരിക്കുന്നതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പറഞ്ഞു. അംബേദ്കര്‍ നഗറിലെ ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥി ലാല്‍ജി വര്‍മയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായി വിവരം ലഭിച്ചതായും കോണ്‍ഗ്രസ് എക്‌സില്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത്, ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും നടപടിയെടുക്കുകയും വേണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Tags:    

Similar News