ബാബരി മസ്ജിദ് തകര്‍ത്തത് തെറ്റായ നടപടിയെന്ന് സോനു നിഗം

അയോധ്യയില്‍ മനോഹരമായ രാമക്ഷേത്രവും മസ്ജിദും ചര്‍ച്ചും ഗുരുദ്വാരയും നിര്‍മിക്കണം. മനോഹരമായ ആരാധനാലയങ്ങളെല്ലാം നിര്‍മിച്ച് നാം ഇന്ത്യക്കാര്‍ എങ്ങനെയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം.

Update: 2019-02-25 18:22 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത നടപടി അങ്ങേയറ്റം തെറ്റാണെന്നു ബോളിവുഡ് ഗായകന്‍ സോനു നിഗം. 1992 ഡിസംബര്‍ ആറിന്‌ ബാബരി മസ്ജിദ് തകര്‍ത്തത് തെറ്റാണ്. ഏതൊരു ആരാധനാലയവും തകര്‍ക്കരുത്. അത് അമ്പലമായാലും പള്ളിയായാലും ശരി. ബാബരി മസ്ജിദ് തകര്‍ത്ത സംഭവം തെറ്റാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ക്ഷേത്രം തകര്‍ത്താണ് രാമ ജന്‍മഭൂമിയില്‍ മുഗള്‍ ഭരണാധികാരി ബാബര്‍ പള്ളി നിര്‍മിച്ചതെന്നതും തെറ്റാണ് അംഗീകരിക്കുന്നു. ഇതിനേക്കാള്‍ വലിയൊരു തെറ്റും വിഡ്ഢിത്തവുമില്ല. അദ്ദേഹം ആ തെറ്റ് ചെയ്തു. ബാബറിനു ശേഷം എത്ര തലമുറകള്‍ പിന്നിട്ട് ഇപ്പോള്‍ ചെയ്ത പ്രതികാരം ശരിയാണോ. ഒരിക്കലും അത് ശരിയല്ല. ഇതിനെ ആര്‍ക്കും നല്ലതാണെന്ന് ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അയോധ്യ പ്രശ്‌നത്തിന് ഏറ്റവും നല്ല പരിഹാരമായി സോനു നിഗം പറയുന്നത്, അയോധ്യയില്‍ മനോഹരമായ രാമക്ഷേത്രവും മസ്ജിദും ചര്‍ച്ചും ഗുരുദ്വാരയും നിര്‍മിക്കണമെന്നാണ്. മനോഹരമായ ആരാധനാലയങ്ങളെല്ലാം നിര്‍മിച്ച് നാം ഇന്ത്യക്കാര്‍ എങ്ങനെയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം. അതിനു കഴിയുമോ?. നിങ്ങള്‍ക്കതിനു തന്റേടമുണ്ടോ?. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ അജണ്ടയില്‍ നിന്ന് അത് ഒഴിവാക്കിയാല്‍ അയോധ്യപ്രശ്‌നം എന്നെന്നേക്കുമായി അവസാനിപ്പിക്കാം. പക്ഷേ അവരത് ചെയ്യില്ല, അവര്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നതാണു പ്രധാനപ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

    2017ല്‍ ബാങ്കുവിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരേ ട്വിറ്ററില്‍ സോനു നിഗം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ട്വിറ്ററില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. അയോധ്യ കേസ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിനു മുന്നിലാണുള്ളത്.1992 ഡിസംബര്‍ ആറിനാണ്‌ സംഘപരിവാരത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വര്‍ ബാബരി മസ്ജിജ് തകര്‍ത്തത്.




Tags:    

Similar News