'നിരപരാധികളും ഇരയാക്കപ്പെട്ടേക്കാം'; 'ലൗ ജിഹാദ്' നിയമത്തെ ന്യായീകരിച്ച് ആര്‍എസ്എസ്

മുസ് ലിം യുവാക്കളെ മാത്രം ലക്ഷ്യമിട്ടാണ് 'ലൗ ജിഹാദ്' നിയമം നടപ്പാക്കിയതെന്ന് പരാതി ഉയര്‍ന്നു. യുപിയില്‍ മാത്രം അമ്പതിലധികം മുസ് ലിം യുവാക്കളാണ് നിയമം നടപ്പാക്കി ആഴ്ച്ചകള്‍ക്കുള്ളില്‍ അറസ്റ്റിലായത്. നിരവധി പേര്‍ക്കെതിരേ കേസെടുത്തു.

Update: 2021-01-20 16:59 GMT

ന്യൂഡല്‍ഹി: വിവാദമായ 'ലൗ ജിഹാദ്' നിയമത്തെ ന്യായീകരിച്ച് ആര്‍എസ്എസ് സഹകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം 'ലൗ ജിഹാദ്' വ്യാപകമായി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ ന്യായീകരിച്ചത്.

പുതിയ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില പ്രശ്‌നങ്ങളും ഉയര്‍ന്നുവരും. ഇതിനെ ദുരുപയോഗം എന്ന് വിളിക്കാനാവില്ല. എന്നാല്‍, ഒരു കാര്യത്തിന്റെ നിജസ്ഥിതി തെളിയിക്കാന്‍ സമയമെടുക്കും. (എസ്‌സി / എസ്ടി) അതിക്രമം തടയാനുള്ള നിയമം നടപ്പാക്കിയപ്പോള്‍ എന്ത് സംഭവിച്ചു? അത് ദുരുപയോഗം ചെയ്യുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍, അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തു. അതുവരെ ഈ ചര്‍ച്ചകള്‍ നിലനിന്നു. ഏത് നിയമം കൊണ്ടുവരുമ്പോഴും അത് നടപ്പാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ചില നിരപരാധികളും ഇത് സഹിക്കേണ്ടിവരും.

'നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള' നിയമം പ്രാബല്യത്തില്‍ വന്ന ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും നിരപരാധികള്‍ ഇരയാക്കപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം, ആളുകളെ 'പ്രലോഭിപ്പിച്ചും 'വഞ്ചിച്ചും' മത പരിവര്‍ത്തനം ചെയ്യുന്നത് തടയാന്‍ ഇത്തരം നിയമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 'ലൗ ജിഹാദ്' നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. മുസ് ലിം യുവാക്കളെ മാത്രം ലക്ഷ്യമിട്ടാണ് 'ലൗ ജിഹാദ്'  നിയമം നടപ്പാക്കിയതെന്ന് പരാതി ഉയര്‍ന്നു. യുപിയില്‍ മാത്രം അമ്പതിലധികം മുസ് ലിം യുവാക്കളാണ് നിയമം നടപ്പാക്കി ആഴ്ച്ചകള്‍ക്കുള്ളില്‍ അറസ്റ്റിലായത്. നിരവധി പേര്‍ക്കെതിരേ കേസെടുത്തു.

Tags: