ഏറ്റുമുട്ടലിനിടെ മാവോവാദികൾ തടങ്കിലാക്കിയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു

മാവോവാദികളുമായി മധ്യസ്ഥ ചർച്ചയ്ക്ക് പദ്മശ്രീ ധരംപാൽ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയേയും സർക്കാർ നിയോഗിച്ചിരുന്നു.

Update: 2021-04-08 14:53 GMT

റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപ്പൂരിൽ സൈന്യവും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മാവോവാദികൾ തടങ്കലിലാക്കിയ സിആർപിഎഫ് കോബ്ര കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ വിട്ടയച്ചു. ജവാനെ വിട്ടയച്ച കാര്യം സിആർപിഎഫ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോവാദികൾ ബന്ദിയാക്കിയത്.

23 സുരക്ഷാ സൈനികരും ഒരു സ്ത്രീ ഉൾപെടെ അഞ്ചു മാവോവാദികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസത്തെ തടങ്കലിന് ശേഷമാണ് ജവാനെ മോചിപ്പിച്ചിരിക്കുന്നത്.

ബീജാപ്പൂരിലെ സിആർപിഎഫ് ക്യാംപിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി. മാവോവാദികളുമായി മധ്യസ്ഥ ചർച്ചയ്ക്ക് പദ്മശ്രീ ധരംപാൽ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയേയും സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിധ്യത്തിലാണ് ജവാനെ മോചിപ്പിച്ചത്. ഏഴ് പ്രാദേശിക മാധ്യമപ്രവർത്തകരും മധ്യസ്ഥരോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.

സുക്മ-ബീജാപൂർ അതിർത്തിയിലെ വനമേഖലയിലാണ് ഏപ്രിൽ മൂന്നിന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. കോബ്ര യൂനിറ്റ്, സിആർപിഎഫ്, ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇന്നലെ മാവോവാദികൾ തടങ്കലിൽ കഴിയുന്ന രാകേശ്വർ സിങ്ങിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രം പഴയതെന്നായിരുന്നു കുടുംബത്തിന്റെ വാദം.  

Similar News