ബസവരാജ് ബൊമ്മൈയുടെ വസതിയില്‍ 'വിഷപ്പാമ്പ്; ഖാര്‍ഗേയുടെ ഉപമ സത്യമായോയെന്ന് പരിഹാസ്യം

Update: 2023-05-13 05:57 GMT

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയെ 'സ്വീകരിക്കാനെത്തിയത്' പാര്‍ട്ടി ആസ്ഥാനത്ത് ഒളിച്ചിരുന്ന വിഷപ്പാമ്പ്. ഷിഗാവോണിലെ ബിജെപി ക്യാംപിലെത്തിയ ബസവരാജ് ബൊമ്മൈ പാര്‍ട്ടി ക്യാംപിലേക്ക് കടന്നുവരുന്നതിനിടെയാണ് പാര്‍ട്ടി ഓഫിസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പാമ്പ് പുറത്തുവന്നത്. പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പിന്നീട് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് വിട്ടയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'തെറ്റ് ചെയ്യരുത്, മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്' എന്ന പരാമര്‍ശമായിരുന്നു ഏറെ വിവാദമായത്. ഇതോടെ കോണ്‍ഗ്രസ് ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. മാത്രമല്ല, പ്രധാനമന്ത്രി മോദിയെ ഉദ്ദേശിച്ചല്ല, ഞാന്‍ ഉദ്ദേശിച്ചത് 'പാമ്പിനെപ്പോലെ' എന്നതാണ് ബിജെപിയുടെ പ്രത്യയശാസ്ത്രം എന്നും പറഞ്ഞ് ഖാര്‍ഗേ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ബസവരാജ് ബൊമ്മയുടെ വഴിയില്‍ ബിജെപി ക്യാംപില്‍ വിഷപ്പാമ്പിനെ കണ്ടെത്തിയതോടെ ഖാര്‍ഗേയുടെ പരാമര്‍ശമാണ് പലരും ഓര്‍മിക്കുന്നത്. ഖാര്‍ഗേയുടെ ഉപമ സത്യമായോയെന്നാണ് പലരുടെയും പരിഹാസ്യം.

Tags:    

Similar News