ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഗോരഖ്പൂര്‍, അംബേദ്കര്‍നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, ഖുഷിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ഥനഗര്‍ എന്നീ 10 ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്
ലഖ്‌നോ:ഉത്തര്‍പ്രദേശില്‍ ആറാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു.വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 6 മണി വരെ തുടരും. പത്ത് ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 676 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ജനവിധി തേടും.
ഗോരഖ്പൂര്‍, അംബേദ്കര്‍നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, ഖുഷിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ഥനഗര്‍ എന്നീ 10 ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ എട്ടരയോടെ തന്നെ ഗോരഖ്പൂര്‍ മണ്ഡലത്തിലെത്തി യോഗി ആദിഥ്യനാഥ് വോട്ട് രേഖപ്പെടുത്തി.18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഗുന്നൗറില്‍ മത്സരിച്ചതാണ് അവസാനത്തെ സംഭവം. അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗണ്‍സിലിലൂടെ ആ സ്ഥാനത്തെത്തിയവരാണ്.
1,14,63,113 പുരുഷന്മാരും 99,98,383 സ്ത്രീകളും 1,320 ട്രാന്‍സ്ജന്‍ഡര്‍മാരുമുള്‍പ്പടെ 2,14,62,816 വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. അവസാന ഘട്ടമായ ഏഴാം ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 7ന് നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.