'മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമേകി'; നന്ദി അറിയിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

ഇന്നലെ വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദന കൊണ്ടാണ്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നുവെന്നും റൈഹാനത്ത് പറഞ്ഞു.

Update: 2021-04-26 16:20 GMT

മലപ്പുറം: ഉത്തര്‍പ്രദേശ് പോലിസിന്റെ അന്യായ തടങ്കലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കാപ്പന്റെ ഭാര്യ റൈഹാനത്ത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ തനിക്കു വലിയ ആശ്വാസമേകിയെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദന കൊണ്ടാണ്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നുവെന്നും റൈഹാനത്ത് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് പത്രപ്രവര്‍ത്തക യൂനിയനും മാധ്യമസമൂഹവും സാംസ്‌കാരിക പ്രവര്‍ത്തകരും തനിക്കൊപ്പം നിന്നുവെന്ന് പറഞ്ഞ റൈഹാനത്ത് ഇതില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ മാത്രമാണ് വിട്ടുനിന്നതെന്നും പറഞ്ഞു.

മുഖ്യമന്ത്രിയുടെ സഹായം ഇനിയും തനിക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റൈഹാനത്ത് പറയുന്നു. എല്ലാവരും അവസാനം വരെ കൂടെയുണ്ടാകുമെന്ന് കരുതുന്നു. അത് തനിക്ക് നല്‍കുന്ന പോസിറ്റിവിറ്റി ചെറുതല്ലെന്നും കാപ്പന്റെ ഭാര്യ റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിതനായ സിദ്ദിഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Tags: