പോപുലര്‍ ഫ്രണ്ട് ഭീകരസംഘടനയോ നിരോധിത സംഘടനയോ അല്ല; സുപ്രിംകോടതിയില്‍ കപില്‍ സിബല്‍

Update: 2022-08-29 08:53 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരസംഘടനയോ നിരോധിത സംഘടനയോ അല്ലെന്ന് സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിന്‍മേലുള്ള വാദത്തിനിടെയാണ് കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്. 2020 ഓക്ടോബര്‍ മുതല്‍ രണ്ടുവര്‍ഷമായി സിദ്ദീഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. സിദ്ദീഖ് കാപ്പന്‍ പോപുലര്‍ ഫ്രണ്ടില്‍ നിന്ന് 45,000 രൂപ വാങ്ങിയെന്നതാണ് ആകെ കൂടിയുള്ള ഒരു ആരോപണം. ഇത് ആരോപണം മാത്രമാണ്.

തെളിവുകളൊന്നുമില്ല. പോപുലര്‍ ഫ്രണ്ട് ഭീകരസംഘടനയോ നിരോധിത സംഘടനയോ അല്ലെന്നും സിദ്ദീഖ് കാപ്പന് സംഘടനാ ബന്ധമില്ലെന്നും കപില്‍ സിബല്‍ വാദിച്ചു. ആകെ കൂടി പിഎഫ്‌ഐ നടത്തിയ പത്രത്തില്‍ കാപ്പന്‍ ജോലി ചെയ്തു എന്നത് മാത്രമാണ് ബന്ധമെന്ന് സിബല്‍ പറഞ്ഞപ്പോള്‍ 'തേജസ്' അല്ലേ ആ പത്രമെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. കേസില്‍ കൂടെ അറസ്റ്റിലായ ഡ്രൈവര്‍ക്ക് ജാമ്യം കിട്ടിയെന്ന് സിബല്‍ ബോധിപ്പിച്ചപ്പോള്‍ മറ്റു രണ്ടുപേരുടെ കാര്യമെന്തായി എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അവരുടെ ഹരജികള്‍ ഹൈക്കോടതിക്ക് മുന്നിലാണെന്ന് സിബല്‍ അറിയിച്ചു. തുടര്‍ന്ന് കേസിന്റെ കാര്യമെന്തായെന്ന് യുപി സര്‍ക്കാരിന്റെ അഭിഭാഷക ഗരിമ പ്രസാദിനോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും കേസില്‍ ആകെ എട്ട് പ്രതികളുണ്ടെന്നും അതിലൊരാള്‍ ഡല്‍ഹി കലാപക്കേസിലും മറ്റൊരാള്‍ ബുലന്ദ്ശഹര്‍ കലാപക്കേസിലും പ്രതിയാണെന്നും ഗരിമ വിശദീകരിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ആരോപണവും അഭിഭാഷക ഉന്നയിച്ചു. അതെല്ലാം എഴുതി അടുത്ത മാസം ഏഴിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് യു യു ലളിത് ഒമ്പതിന് ജാമ്യാപേക്ഷ തീര്‍പ്പാക്കുമെന്നും അറിയിച്ചു. കേസില്‍ സമര്‍പ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തില്‍ 165 പേജുകള്‍ മാത്രമാണ് തനിക്ക് കൈമാറിയതെന്ന് സിബല്‍ അവകാശപ്പെട്ടു.

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കേസില്‍ റിപോര്‍ട്ട് ചെയ്യാനുള്ള തന്റെ പ്രൊഫഷനല്‍ കടമ നിറവേറ്റുക എന്നതാണ് തന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കാപ്പന്‍ പറഞ്ഞു. വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ തന്നെ കസ്റ്റഡിയിലെടുത്തത്. സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ചും ഭരണഘടനയ്ക്ക് കീഴിലുള്ള സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് നിക്ഷിപ്തമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെക്കുറിച്ചും തന്റെ കേസ് അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതായി കാപ്പന്റെ ഹരജിയില്‍ പറയുന്നു.

Tags:    

Similar News