സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി; സ്വീകരിച്ച് കുടുംബാംഗങ്ങള്‍

Update: 2023-03-14 02:50 GMT

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ 28 മാസത്തെ ജയില്‍ വാസത്തിനും ഒന്നര മാസത്തെ ഡല്‍ഹിയിലെ കരുതല്‍ തടങ്കലിനും ശേഷം സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി. കുടുംബാംഗങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ദീഖ് കാപ്പനെ സ്വീകരിച്ചു. തിങ്കളാഴ്ച രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഭാര്യയോടൊപ്പമെത്തിയ കാപ്പന്‍ 9.30ഓടെ കണ്ണമംഗലം പൂച്ചോലമാടുള്ള സ്വന്തം വീട്ടിലെത്തി. മക്കളും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ജയില്‍ മോചിതനായെങ്കിലും ജാമ്യവ്യവസ്ഥകള്‍ പ്രകാരം ആറ് ആഴ്ചക്കാലം ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു കാപ്പന്‍.

സുപ്രിംകോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ലഖ്‌നോ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയറിയിച്ചിരുന്നു. 2020ല്‍ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ നടന്ന കൂട്ട ബലാല്‍സംഗ കൊല റിപോര്‍ട്ട് ചെയ്യാന്‍ അവിടം സന്ദര്‍ശിക്കുന്ന വേളയില്‍ യുപി പോലിസ് കാപ്പനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹാഥ്‌റസ് സംഭവത്തിന്റെ മറവില്‍ അന്താരാഷ്ട്ര ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ശേഷം യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി തടവിലിട്ടു. തുടര്‍ന്ന് രണ്ടുവര്‍ഷത്തിലധികം നടത്തിയ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സുപ്രിംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തനം തുടരുമെന്നും കൂടെനിന്നവരോട് നന്ദിയുണ്ടെന്നും സിദ്ദീഖ് കാപ്പന്‍ പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും വേങ്ങര പോലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. ജാമ്യവ്യവസ്ഥ പൂര്‍ണമായി പാലിക്കുമെന്ന് കാപ്പന്റെ അഭിഭാഷകന്‍ അഡ്വ.ഡാനിഷ് പറഞ്ഞു. ഭാര്യ റൈഹാനത്ത് കാപ്പനും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തിയത്.

Tags: