സിദ്ധീഖ് കാപ്പനെ കുടുക്കിയതില്‍ ട്വന്റിഫോര്‍ ലേഖകനും പങ്ക്;ബെല്‍റാം നെടുങ്ങാടി നല്‍കിയ പരാതിയും യുപി പോലിസ് കുറ്റപത്രത്തില്‍

ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായ ബല്‍റാം നെടുങ്ങാടിയുടെ വ്യാജ പരാതിയും സിദ്ധീഖ് കാപ്പനെതിരായി യുപി പോലിസ് ഉപയോഗപ്പെടുത്തി. കാപ്പനെതിരെയുള്ള കുറ്റപത്രത്തിലാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ വ്യാജ പരാതിയും തെളിവായി ഉപയോഗിച്ചിട്ടുള്ളത്.

Update: 2021-12-30 15:45 GMT

കോഴിക്കോട്: മനോരമ ലേഖകനും ആര്‍എസ്എസ് മുഖപത്രത്തിലെ മാധ്യമ പ്രവര്‍ത്തകനുമൊപ്പം മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ കുടുക്കാന്‍ ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ ഡല്‍ഹി റിപോര്‍ട്ടറും ഗൂഢനീക്കം നടത്തിയെന്ന തെളിവുകള്‍ പുറത്ത്. ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായ ബല്‍റാം നെടുങ്ങാടിയുടെ വ്യാജ പരാതിയും സിദ്ധീഖ് കാപ്പനെതിരായി യുപി പോലിസ് ഉപയോഗപ്പെടുത്തി. കാപ്പനെതിരെയുള്ള കുറ്റപത്രത്തിലാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ വ്യാജ പരാതിയും തെളിവായി ഉപയോഗിച്ചിട്ടുള്ളത്.

24 ന്യൂസ് ഡല്‍ഹി റിപ്പോര്‍ട്ടര്‍ ബല്‍റാം നെടുങ്ങാടി സിദ്ധിഖിനെതിരേ ഫെഡറല്‍ ബാങ്കിനു നല്‍കിയ പരാതിയാണ് പോലിസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയ രേഖ. ഫെഡറല്‍ ബാങ്കിനു നല്‍കിയ പരാതിയുടെ പകര്‍പ്പ് യുപി പോലിസിനു ലഭിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തന്നെയാണ് സൂചന. കെയുഡബ്ല്യുജെ ഡല്‍ഹിക്ക് ഭാരവാഹികളില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മെമ്പര്‍ഷിപ്പെടുക്കുകയും സെക്രട്ടറിയാവുകയും ചെയ്ത വ്യക്തിയാണ് സിദ്ധീഖ് കാപ്പനെന്നാണ് ഫെഡറല്‍ ബാങ്കിന് ബല്‍റാം നല്‍കിയ പരാതിയിലുള്ളത്. പത്രപ്രവര്‍ത്തക യൂണിയനിലും ഡല്‍ഹി ജേണലിസ്റ്റ് യൂനിയനിലും അംഗമാണ് ബല്‍റാം.

പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തില്‍ ഫണ്ട് ക്രമക്കേടു നടന്നിട്ടുണ്ടെന്നും അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് യൂനിയന്‍ സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. മാത്രവുമല്ല, തിരഞ്ഞെടുപ്പിലൂടെയാണ് സിദ്ധിഖ് കാപ്പന്‍ ഡല്‍ഹി യൂണിയന്റെ സെക്രട്ടറിയായതെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ സിദ്ധിഖ് സെക്രട്ടറിയായെന്ന പരാതി കള്ളമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. സിദ്ധീഖ് കാപ്പന്‍ 'തീവ്രവാദി'യാണെന്ന് ആരോപിച്ച് മലയാള മനോരമ പട്‌ന ലേഖകന്‍ വി വി ബിനു യുപി പോലിസിനു നല്‍കിയ മൊഴി അടുത്തിടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ന്യൂസ് ലോണ്‍ഡ്രി പുറത്തുവിട്ടിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് യൂനിയന്‍ അക്കൗണ്ടില്‍നിന്ന് സിദ്ധീഖ് തുക പിന്‍വലിച്ചതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

ഇതിനു പുറമെയാണ്, സിദ്ധീഖ് നടപടിക്രമങ്ങള്‍ പാലിക്കാതെ യൂണിയന്‍ അക്കൗണ്ട് കൈകാര്യം ചെയ്തതെന്ന് ബല്‍റാം നെടുങ്ങാടി ഫെഡറല്‍ ബാങ്കിനു പരാതി നല്‍കിയത്.ബിനുവിന്റെ മൊഴിക്കൊപ്പം സിദ്ധീഖിനെതിരേയുള്ള തെളിവായി ബല്‍റാമിന്റെ പരാതിയും തെളിവായി കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി പത്രപ്രവര്‍ത്തക യൂനിയന്‍ നിയമ പോരാട്ടം നടത്തിവരുന്നതിനിടെയാണ് അദ്ദേഹത്തെ ഒറ്റിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നത്.സിദ്ധീഖ് കാപ്പനു വേണ്ടി കേസു നടത്തുന്നതിനെ വിമര്‍ശിച്ച് യൂണിയന്‍ ഡല്‍ഹി ഘടകം നിര്‍വാഹക സമിതി അംഗവും ജനം ടിവി റിപോര്‍ട്ടറുമായ ഗൗതം അനന്ത് നാരായണന്‍ മുന്നോട്ട് വന്നതും ഇതിനു പിന്നിലെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

Tags:    

Similar News